ബംഗളൂരു: ജെ.ഡി (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയുമായ സൂരജ് രേവണ്ണ എം.എൽ.സിക്കെതിരെ ചുമത്തിയ, ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സി.ഐ.ഡി) അന്വേഷണം അവസാനിപ്പിച്ചു.
അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചതിനും ലൈംഗികാതിക്രമ കേസിലും ജയിലിലായ മുൻ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ.
ജെ.ഡി (എസ്) അംഗമായ ഒരു പുരുഷ ഉദ്യോഗസ്ഥൻ നൽകിയ നിർബന്ധിത പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസ് അന്വേഷിക്കുന്ന സി.ഐ.ഡി, എം.എൽ.എമാർക്കും എം.പിമാർക്കും വേണ്ടിയുള്ള പ്രത്യേക കോടതിയിൽ ബി-റിപ്പോർട്ട് (ക്ലോഷർ റിപ്പോർട്ട്) സമർപ്പിച്ചു.
തെളിവുകളുടെ അഭാവം മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥർ കേസ് അവസാനിപ്പിച്ചതെന്ന് സി.ഐ.ഡി അറിയിച്ചു. ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
ഐ.പി.സി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 342 (തെറ്റായ തടങ്കലിൽ വെക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇര ഡി.ജി, ഐ.ജി.പി, ഹാസൻ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 23ന് സി.ഇ.എൻ പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചിരുന്നു. ജൂലൈ 22ന് ബംഗളൂരു സെൻട്രൽ ജയിലിൽനിന്ന് സൂരജ് രേവണ്ണ ജാമ്യത്തിൽ പുറത്തിറങ്ങി. സൂരജ് രേവണ്ണ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് അദ്ദേഹത്തെ കണ്ടതെന്നാണ് ഇര പരാതിയിൽ പറഞ്ഞത്.
ഇരയുടെ സംഘാടന വൈദഗ്ധ്യത്തിൽ ആകൃഷ്ടനായ സൂരജ് രേവണ്ണ തന്റെ മൊബൈൽ നമ്പർ പങ്കുവെക്കുകയും പ്രണയ ചിഹ്നങ്ങളുള്ള സന്ദേശങ്ങൾ അയക്കാൻ തുടങ്ങുകയും ചെയ്തു. സൂരജ് രേവണ്ണയുടെ ഫാം ഹൗസിലേക്ക് ആളെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
സൂരജ് രേവണ്ണയുടെ മൂത്ത സഹോദരനും മുൻ ജെ.ഡി (എസ്) എം.പിയുമായ പ്രജ്വൽ രേവണ്ണയെ ലൈംഗിക വിഡിയോ കേസിലും ലൈംഗികാതിക്രമ കേസിലും അറസ്റ്റ് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് ജെ.ഡി (എസ്) എം.എൽ.എ എച്ച്.ഡി രേവണ്ണ, കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ ജയിലിലടക്കപ്പെടുകയും സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായ ഒരാളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അദ്ദേഹത്തിന്റെ മാതാവ് ഭവാനി രേവണ്ണയും അന്വേഷണം നേരിടുന്നു. ഈയിടെയാണ് കോടതി അവര്‍ക്ക് സോപാധിക ജാമ്യം അനുവദിച്ചത്.
സൂരജ് രേവണ്ണ ഉൾപ്പെട്ട രണ്ടാമത്തെ ലൈംഗികാതിക്രമ കേസും കർണാടക സർക്കാർ സി.ഐ.ഡിക്ക് കൈമാറിയിരുന്നു. ജെ.ഡി (എസ്) പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചതിന് സൂരജ് രേവണ്ണ മറ്റൊരു കേസ് നേരിടുന്നുണ്ട്.
കഴിഞ്ഞ ജൂൺ 25ന് ജെ.ഡി (എസ്) പ്രവർത്തകൻ ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിൽ സൂരജ് രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു.
രണ്ടാമത്തെ കേസിലെ പരാതിക്കാരൻ നാല് വർഷം മുമ്പ് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇത്രയും ദിവസങ്ങളോളം വേദനയും അപമാനവും അനുഭവിച്ചുകൊണ്ട് മൗനം പാലിച്ചുവെന്നും പറഞ്ഞിരുന്നു.
താൻ ഇപ്പോഴും ഒരു ജെ.ഡി (എസ്) പ്രവർത്തകനാണെന്നും സൂരജ് രേവണ്ണക്കെതിരെ പരാതി നൽകാൻ ആരും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പരാതി നൽകിയതെന്നും പരാതിക്കാരൻ വാദിച്ചു.
ഐ.പി.സി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം), 342 (അനധികൃതമായി തടങ്കലിൽ വെക്കൽ), 506 (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആദ്യ കേസിലെ ഇരക്കെതിരെ പരാതി നൽകാൻ സൂരജ് രേവണ്ണ തന്നെ സമ്മർദത്തിലാക്കിയതായി രണ്ടാമത്തെ കേസിലെ ഇരയും സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.