ബംഗളൂരു: കർണാടകയിലെ ഒ.ബി.സി ജനസംഖ്യ 70 ശതമാനത്തിലെത്തിയതായും ഒ.ബി.സി സംവരണം ജനസംഖ്യാനുപാതികമായി 32 ശതമാനത്തിൽനിന്ന് 51 ശതമാനമായി ഉയർത്തണമെന്നും ജാതി സെൻസസ് റിപ്പോർട്ട് ശിപാർശ. ഇത് നടപ്പായാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണവും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുള്ള 24 ശതമാനം സംവരണവും അടക്കം കർണാടകയിലെ സംവരണ പരിധി 85 ശതമാനമായി ഉയരും. സർവേയിൽ ഉൾപ്പെട്ട 5,98,14,942 പേരിൽ 4,16,30,153 പേർ ഒ.ബി.സി വിഭാഗത്തിലാണ്.
നിലവിൽ അഞ്ചു കാറ്റഗറിയിലുള്ള സംവരണ പട്ടികയിൽ പുതിയ ഒരു കാറ്റഗറി കൂടി രൂപപ്പെടുത്താനും ജാതി സെൻസസ് എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ സർവേ നിർദേശിക്കുന്നുണ്ട്. സംവരണ പട്ടികയിലെ ഒന്നാം കാറ്റഗറിയെ ഒന്ന് എ, ഒന്ന് ബി എന്നീ രണ്ടു കാറ്റഗറികളിലായി തിരിക്കും. ഇതോടെ ആകെ സംവരണ വിഭാഗങ്ങളുടെ എണ്ണം ആറായി ഉയരും. കാറ്റഗറി ഒന്ന് എയിൽ നാടോടി സമൂഹത്തെയാണ് ഉൾപ്പെടുത്തുക. അതേസമയം, രണ്ട് എ കാറ്റഗറിയിലുണ്ടായിരുന്ന ചില പിന്നാക്ക വിഭാഗക്കാരെ ഒന്ന് എ കാറ്റഗറിയിലേക്ക് മാറ്റാനും ശിപാർശയുണ്ട്. ആറു ശതമാനമാണ് ഈ വിഭാഗങ്ങൾക്ക് നിർദേശിച്ച സംവരണം. കാറ്റഗറി ഒന്നിൽ നാലു ശതമാനമാണ് നിലവിലെ സംവരണം.
സംസ്ഥാന ജനസംഖ്യയുടെ 8.4 ശതമാനം വരുന്ന 34.96 ലക്ഷം ജനങ്ങൾ ഒന്ന് എ കാറ്റഗറിയിൽ ഉൾപ്പെടും. തങ്ങളുടെ ജാതിയെന്തെന്നറിയാത്ത അനാഥ കുഞ്ഞുങ്ങളെയും ഇതേ കാറ്റഗറിയിലാണ് പെടുത്തുക. മുസ്ലിംകൾ ഉൾപ്പെടുന്ന രണ്ട് ബി കാറ്റഗറിയിൽ നിലവിലെ സംവരണമായ നാലിൽനിന്ന് സംവരണ പരിധി എട്ടായി ഉയർത്താനാണ് ജാതി സെൻസസ് നിർദേശിക്കുന്നത്. ഒ.ബി.സി കാറ്റഗറിയിലെ ജാതി തിരിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്ഥാന ജനസംഖ്യയുടെ 25 ശതമാനം എസ്.സി-എസ്.ടി വിഭാഗങ്ങളാണെന്നാണ് റിപ്പോർട്ടിലെ വിവരമെന്നറിയുന്നു. ഇതിന് തൊട്ടു താഴെയായി മുസ്ലിംകളാണുള്ളത്. 75.25 ലക്ഷം വരുന്നതാണ് കർണാടകയിലെ മുസ്ലിം ജനസംഖ്യ. ഏകദേശം 13 ശതമാനം വരും. സർവേ ചെയ്ത 94 ശതമാനവും എസ്.സി-എസ്.ടി വിഭാഗവും ഒ.ബി.സി വിഭാഗവും ചേർന്നതാണ്. ബാക്കിവരുന്ന 29.74 ലക്ഷം പേർ ജനറൽ കാറ്റഗറിയിലും ഉൾപ്പെടുന്നു.
ജാതി സെൻസസ് എന്നറിയപ്പെടുന്ന സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ സർവേ കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിസഭയിൽ അവതരിപ്പിച്ചിരുന്നു. ജാതി സെൻസസ് റിപ്പോർട്ടിൽ അന്തിമ ചർച്ചക്കായി ഏപ്രിൽ 17ന് വീണ്ടും മന്ത്രിസഭ യോഗം ചേരും. 2015ൽ തയാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് കർണാടകയിലെ 94.77 ശതമാനം ജനങ്ങളെയും വിവിധ ജാതി-സമുദായ സംബന്ധിയായ വശങ്ങളും ഉൾപ്പെടുത്തി 50 വാല്യത്തിൽ തയാറാക്കിയതാണ്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 6.11 കോടിയായിരുന്നു. 2015ൽ സർവേ നടത്തുമ്പോൾ ഏകദേശം 6.35 കോടിയായി. 5.98 കോടി ജനങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ തയറാക്കിയത്. 5.83 ശതമാനം പേർ സർവേയിൽനിന്ന് വിട്ടുനിന്നു. കർണാടക പിന്നാക്ക വർഗ കമീഷൻ ചെയർമാനായിരുന്ന എച്ച്. കന്ദരാജിന്റെ നേതൃത്വത്തിൽ 2015ൽ നടത്തിയ ജാതി സെൻസസിന്റെ അന്തിമ റിപ്പോർട്ട് നിലവിലെ ചെയർമാൻ ജയപ്രകാശ് ഹെഗ്ഡെ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചത്. തുടർന്ന്, ജാതി സെൻസസിലെ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ കോൺഗ്രസ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
മുസ്ലിംകൾ കർണാടകയിൽ ഏറ്റവും വലിയ ഒറ്റ സമുദായമായി മാറും
ബംഗളൂരു: ജാതി സെൻസസ് നടപ്പാവുന്നതോടെ കർണാടകയിൽ മുസ്ലിംകൾ ഏറ്റവും വലിയ ഒറ്റ സമുദായമായി മാറും. 12.83 ശതമാനമാണ് (76,76,247) മുസ്ലിം ജനസംഖ്യ. നേരത്തേ, പട്ടികജാതിക്കാരെയാണ് കർണാടകയിൽ ഏറ്റവും വലിയ ഒറ്റ സമൂഹമായി കണക്കാക്കിയിരുന്നത്. എന്നാൽ, ഈ വിഭാഗത്തിലെ ഉപജാതികളെ റിപ്പോർട്ടിൽ പ്രത്യേക സമുദായമായി പുതിയ കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെയാണ് മാറ്റം.
പഴയ മൈസൂരു മേഖലയിൽ പ്രബലമായ വൊക്കലിഗ സമുദായം 8.47 ശതമാനവുമായി രണ്ടാം സ്ഥാനത്തും (50,65,642) മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന കുറുബകൾ 7.38 ശതമാനം (44,11,758), പട്ടികജാതി ഒരു സമുദായം 6.02 ശതമാനം (35,99,895) പട്ടികജാതി മറ്റൊരു സമുദായം 5.85 ശതമാനം (34,98,188), വാല്മീകി-നായക 5.07 ശതമാനം (30,31,656) എന്നിങ്ങനെ സ്ഥാനത്തും നിൽക്കുന്നു. സംസ്ഥാനത്ത് പ്രബലരെന്ന് കരുതിയിരുന്ന ലിംഗായത്ത് സമുദായം 5.04 ശതമാനമാണെന്ന് (30,14,696) റിപ്പോർട്ട് പറയുന്നു. പട്ടികജാതി (മറ്റുള്ളവർ) 3.31 ശതമാനമാണ് (19,82,011). വീരശൈവ-ലിംഗായത്തുകൾ 2.99 ശതമാനം (17,88,279). കുരുഹിനഷെട്ടി ലിംഗായത്ത് സമുദായം 0.01 ശതമാനം (8,325), ഗണിക ലിംഗായത്തുകൾ 0.04 ശതമാനം (23,483), ബേഡ ജംഗമ ലിംഗായത്തുകൾ 0.04 ശതമാനം (24,127), ലാൽഗൊണ്ട ലിംഗായത്തുകൾ 0.05 ശതമാനം (29,280), ജംഗമ ലിംഗായത്തുകൾ 0.16 ശതമാനം (94,282), നോനബ ലിംഗായത്തുകൾ 0.27 ശതമാനം (1,61,168), സദർ ലിംഗായത്തുകൾ 0.43 ശതമാനം (2,55,456), പഞ്ചമശാലി ലിംഗായത്തുകൾ 1.79 ശതമാനം (10,71,302) എന്നിങ്ങനെ പ്രത്യേക സമുദായങ്ങളായി ലിംഗായത്തുകളുടെ കണക്ക്.
ജാതി സെൻസസിൽ പരിഭ്രാന്തി വേണ്ടെന്ന് ശിവകുമാർ
ബംഗളൂരു: ജാതി സെൻസസ് റിപ്പോർട്ടിലെ ഡേറ്റയെക്കുറിച്ച് ആർക്കും പരിഭ്രാന്തി വേണ്ടെന്നും റിപ്പോർട്ടിൽ എന്തെങ്കിലും പോരായ്മകൾ കണ്ടെത്തിയാൽ പരിഹരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പുനൽകി. ബെളഗാവി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. സെൻസസ് റിപ്പോർട്ട് പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വായിച്ചതിനുശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സമുദായത്തിന്റെയും പുരോഗതിക്കായി സാമൂഹിക സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തിറക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. റിപ്പോർട്ട് സമഗ്രമായി പരിശോധിക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിനെ എതിർക്കുന്ന പ്രതിപക്ഷ നേതാക്കളായ നിയമസഭയിലെ ആർ. അശോകയും കൗൺസിലിലെ ചലവടി നാരായണസ്വാമിയും അഭിപ്രായം ചോദിച്ചപ്പോൾ, പ്രതികരണങ്ങൾ പ്രതീക്ഷിച്ചതാണെന്നും എന്നാൽ അവരുടെ പ്രസ്താവനയോട് പ്രതികരിക്കില്ലെന്നും താൻ ബി.ജെ.പിയുടെ വക്താവാകാൻ ആഗ്രഹിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.