പ്രതീകാത്മക ചിത്രം
ബംഗളൂരു: കൊഗിലു ലേ ഔട്ടിലെ വസീം കോളനി, ഫക്കീർ കോളനി എന്നിവിടങ്ങളിൽ കർണാടക സർക്കാറിന്റെ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) നടത്തിയ ബുൾഡോസർ രാജ് ഇരകളിലെ മൂന്നുപേർ കർണാടക ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി (പി.ഐ.എൽ) ഫയൽ ചെയ്തു. ജൈബ തബസ്സും, റെഹാന, ആരിഫ് ബീഗം എന്നിരാണ് ഹരജിക്കാർ. മുൻകൂർ അറിയിപ്പോ കൂടിയാലോചനയോ ഇല്ലാതെ 300ലധികം വീടുകൾ പൊളിച്ചുമാറ്റിയതായി അവർ ഹരജിയിൽ ആരോപിച്ചു.
ഒഴിപ്പിക്കലിന് കുറഞ്ഞത് 15 ദിവസത്തെ സമയവും കാരണംകാണിക്കൽ നോട്ടീസും വേണമെന്ന സുപ്രീംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണ് നടപടിയെന്ന് ഹരജിയിൽ വാദിച്ചു. വീടുകൾ ഇടിച്ചുനിരത്തിയ സമയത്ത് കുടുംബങ്ങളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ, യൂനിഫോമുകൾ, സമീപത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക വസ്തുക്കൾ നശിച്ചുവെന്ന് ഹർജിയിൽ പറയുന്നു.
അഞ്ച് കിലോമീറ്റർ ചുറ്റളവിൽ അടിയന്തര പുനരധിവാസമോ ബദൽ താമസ സൗകര്യമോ ഒരുക്കണമെന്നും തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഈ പ്രക്രിയയിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 21ന് അർധരാത്രി മുതൽ പുലരുവോളം നീണ്ട ബുൾഡോസർ രാജിൽ വർഷങ്ങളായി ഈ ചേരിയിൽ താമസിച്ചുവന്ന കുടുംബങ്ങളെ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.