ഡി.കെ. ശിവകുമാർ
ബംഗളൂരു: ഫക്കീർ കോളനിയിലേയും വസിം ലേഔട്ടിലേയും വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവത്തിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ ജനകീയ പ്രതിക്കൂട്ടിൽ. കൊടും ശൈത്യരാവിൽ കുട്ടികളേയും വയോധികരേയും ഗർഭിണികൾ ഉൾപ്പെടെ സ്ത്രീകളേയും പുറത്താക്കി മുന്നറിയിപ്പില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കിയ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) വൈസ് ചെയർമാനാണ് ശിവകുമാർ.
മുഖ്യമന്ത്രി എന്നനിലയിൽ സിദ്ധാരാമയ്യ അതോറിറ്റി ചെയർമാനാണെങ്കിലും നഗര വകുപ്പുമന്ത്രി ശിവകുമാറിനാണ് നിയന്ത്രണം. നഗര കോർപറേഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഉന്നത സ്ഥാപനമാണ് അതോറിറ്റി. മൂന്ന് ലോക്സഭ മണ്ഡലങ്ങളും 28 നിയമസഭ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ്ബൃഹത് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി).ബി.ജെ.പിയുടെ എതിർപ്പ് മറികടന്ന് കർണാടക സർക്കാർ ഇതു വിഭജിച്ച് കഴിഞ്ഞ മേയ് 15ന് അഞ്ച്കോർപറേഷനുകൾ രൂപവത്കരിച്ചിരുന്നു.
ജനപ്രതിനിധികൾ ഇല്ലാതെ വർഷങ്ങളായി ഉദ്യോഗസ്ഥ ഭരണത്തിൽതുടരുകയായിരുന്ന ബി.ബി.എം.പിയിൽ ബി.ജെ.പിക്ക് ഉണ്ടായിരുന്ന സ്വാധീനം നഷ്ടമാവും എന്നതാണ് അവരുടെ ആശങ്ക. കഴിഞ്ഞ സെപ്റ്റംബർ രണ്ടു മുതൽ എം. മഹേശ്വർ റാവുവാണ് അതോറിറ്റിയുടെ ചീഫ് കമീഷണർ മെംബർ സെക്രട്ടറി. അതോറിറ്റിപരിധിയിലെ എം.പി, എം.എൽ.എമാർ, മറ്റു ബന്ധപ്പെട്ടവർ തുടങ്ങി എക്സ് ഒഫിഷ്യോ അംഗങ്ങളായ 75 പേരിൽ ഒരാളാണ് റവന്യൂ മന്ത്രി കൃഷ്ണ ഭൈരെ ഗൗഡ. ജി.ബി.എയാണ് ഇടിച്ചുനിരത്തൽ നടത്തിയതെന്ന് പറഞ്ഞ മന്ത്രി ഭൈരപ്പകുടിയൊഴിക്കപ്പെട്ടവർക്ക് താൽക്കാലികസൗകര്യം ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അറിയിച്ചു.
ബംഗളൂരു സെൻട്രൽ സിറ്റി കോർപറേഷൻ, ബംഗളൂരു നോർത്ത് സിറ്റി കോർപറേഷൻ, ബംഗളൂരു സൗത്ത് സിറ്റി കോർപറേഷൻ, ബംഗളൂരു ഈസ്റ്റ് സിറ്റി കോർപറേഷൻ എന്നിവയാണ് പുതുതായി രൂപവത്കരിച്ച നഗരസഭകൾ.ഇവിടെയെല്ലാം തെരഞ്ഞെടുപ്പ് നടക്കും.ഉദ്യോഗസ്ഥ ഭരണത്തിൽ നടപ്പാക്കാതിരുന്ന ഖരമാലിന്യ പ്ലാന്റിന്റെ നിർമാണത്തിനായി ജി.ബി.എ നടത്തിയ ബുൾഡോസർ രാജ് കോൺഗ്രസിന് വെല്ലുവിളിയായേക്കാം. ഉപമുഖ്യമന്ത്രി ശിവകുമാർ ശനിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ ബുൾഡോസർ രാജിന്റെ സാഹചര്യം വിശദീകരിച്ചതല്ലാതെ ആ അതിക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.