ബംഗളൂരു അർബൻ ജില്ലയിലാണ് ബി.ടി.എം ലേഔട്ട് നിയോജക മണ്ഡലം. ആകെ വോട്ടർമാർ 2,63,860. പുരുഷ വോട്ടർമാർ 1,39,086. സ്ത്രീ വോട്ടർമാർ: 1,24,747. മറ്റുള്ളത്: 20.2008 മുതൽ തുടർച്ചയായി കോൺഗ്രസിന്റെ രാമലിംഗ റെഡ്ഡിയാണ് വിജയിക്കുന്നത്. സിറ്റിങ് എം.എൽ.എയായ റെഡ്ഡിയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞതവണ ബി.ജെ.പിയുടെ ലല്ലേഷ് റെഡ്ഡിയെ 20478 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപിച്ചത്. ശ്രീധര റെഡ്ഡിയാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർഥി. ജെ.ഡി.എസിനായി വെങ്കടേശാണ് മത്സരിക്കുന്നത്. ആപ്പിനായി ശ്രീനിവാസ് റെഡ്ഡിയും മത്സരിക്കുന്നു.
ബംഗളൂരുവിലെ ഐ.ടി ഹബിലേക്കുള്ള പ്രവേശന കവാടം എന്ന് അറിയപ്പെടുന്ന ഈ മണ്ഡലത്തിൽ ഗതാഗതപ്രശ്നവും അടിസ്ഥാനസൗകര്യമില്ലാത്ത താമസകേന്ദ്രങ്ങളും മാലിന്യപ്രശ്നവും ജനത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.ഒരിക്കൽ പ്രധാന താമസകേന്ദ്രങ്ങളായിരുന്നു മണ്ഡലം മുഴുവൻ. എന്നാൽ ഐ.ടി ഹബ് എന്ന നിലയിൽ അതിവേഗ മാറ്റമാണ് മണ്ഡലത്തിന് കാലാകാലങ്ങളായി ഉണ്ടാകുന്നത്.
രാമലിംഗ റെഡ്ഡി -കോൺഗ്രസ്, കെ.ആർ. ശ്രീധര റെഡ്ഡി -ബി.ജെ.പി,എം. വെങ്കടേശ് -ജെ.ഡി.എസ്
റസ്റ്റാറന്റുകൾ, ഷോപ്പിങ് മാളുകൾ, ഐ.ടി ജീവനക്കാർക്കും വിദ്യാർഥികൾക്കുമുള്ള പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ് ഇന്ന് ബി.ടി.എം ലേഔട്ട്. അതേസമയം, അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഈജിപുര, എൻ.എസ് പാള്യ തുടങ്ങിയ ചേരി പ്രദേശങ്ങളുമുണ്ട്. ഡെയറി സർക്കിൾ-സിൽക്ക് ബോർഡ് ജങ്ഷൻ, ബന്നാർഘട്ട റോഡ് എന്നീ നഗരത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന ഭാഗങ്ങളും ഈ മണ്ഡലത്തിലാണ്.
ബംഗളൂരു മെട്രോ ലൈൻ മണ്ഡലത്തിൽ ഇല്ല എന്നതും വലിയ പ്രതിസന്ധിയാണ്. മണ്ഡലത്തിലെ ഉൾറോഡുകളുടെ അരികുകൾ പലതും മാലിന്യനിക്ഷേപ കേന്ദ്രങ്ങളാണ്. മടിവാള തടാകത്തിനടുത്തും മാലിന്യക്കൂമ്പാരം കാണാം. ഗതാഗത പ്രശ്നം പരിഹരിക്കുന്നതിലും മെട്രോ ലൈൻ പണികൾ പൂർത്തീകരിക്കുന്നതിലും മണ്ഡലത്തിൽനിന്ന് ജയിച്ചവർക്ക് ഒരു ശ്രദ്ധയുമില്ലെന്ന് വോട്ടർമാർ പറയുന്നു. അതേസമയം മണ്ഡലത്തിനായി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് സിറ്റിങ് എം.എൽ.എ കൂടിയായ രാമലിംഗ റെഡ്ഡി പറയുന്നു.
എന്നാൽ, ഗതാഗതക്കുരുക്ക് പ്രശ്നം നിലനിൽക്കുന്നുണ്ട്. പല റോഡുകളും വീതി കുറഞ്ഞവയാണ്. ഐ.ടി കമ്പനികൾ നിരവധിയുള്ളതിനാലും ഗതാഗതപ്രശ്നം ഉണ്ട്.അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും താൻ ജനങ്ങളുടെ കൂടെയാണെന്നും അവരിലൊരാളായാണ് പ്രവർത്തിക്കുന്നതെന്നും ഇത്തവണയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.