ബംഗളൂരു: ഹാസൻ നഗരത്തിലെ വിദ്യാ സൗധ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് അജ്ഞാത സ്രോതസ്സിൽ നിന്ന് ബോംബ് ഭീഷണി ഇ-മെയിൽ ലഭിച്ചതായി പരാതി. സൗധ ഫൗണ്ടേഷന്റെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങൾ ബോംബിട്ട് തകർക്കുമെന്നാണ് അറിയിച്ചത്. എന്നാൽ പോലീസ് അന്വേഷണത്തിന് ശേഷം ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
മഞ്ചെഗൗഡയുടെ മാനേജ്മെന്റിന് കീഴിലുള്ള വിജയനഗര, ഇൻഡസ്ട്രിയൽ ഏരിയ, കെ.ആർ പുരം എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന വിദ്യാ സൗധ നടത്തുന്ന കോളേജും കുട്ടികളുടെ സ്ഥാപനങ്ങളും പൊതു സ്കൂളും തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബോംബ് വെക്കുമെന്ന് മെയിലിൽ ഭീഷണി ഉണ്ടായിരുന്നു.
വിദ്യാ സൗധ പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ മെയിൽ ലഭിച്ചയുടനെ ഹാസൻ ടൗൺ, റൂറൽ പൊലീസിൽ പരാതി നൽകി. ബോംബ് സ്ക്വാഡുമായി എത്തിയ പൊലീസ് അന്വേഷണ സംഘം രാത്രിയും കാമ്പസുകൾ പരിശോധിച്ചു, സ്ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ലെന്നും ബോംബ് ഭീഷണി വ്യാജമാണെന്നും പൊലീസ് പറഞ്ഞു. സ്ഥാപനങ്ങളിലേക്ക് അയച്ച മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവം വിദ്യാർഥികളിലും രക്ഷിതാക്കളിലും സ്ഥാപനങ്ങളിലെ ജീവനക്കാരിലും ഭീതി ജനിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.