ബംഗളൂരു: പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍) മെട്രോ സര്‍വിസുകള്‍ ദീര്‍ഘിപ്പിക്കും. പർപ്പിൾ ലൈനില്‍ വൈറ്റ്ഫീൽഡിൽനിന്ന് ചല്ലഘട്ടയിലേക്കുള്ള അവസാന ട്രെയിൻ പുലർച്ച 1.45ന് പുറപ്പെടും. ചല്ലഘട്ടയിൽനിന്ന് വൈറ്റ്ഫീൽഡിലേക്കുള്ള അവസാന സർവിസ് പുലർച്ച രണ്ടിന് പുറപ്പെടും. ഗ്രീൻ ലൈനിൽ മദവരയിൽനിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മദവരയിലേക്കുമുള്ള അവസാന ട്രെയിനുകൾ പുലർച്ച രണ്ടിന് പുറപ്പെടും.
യെല്ലോ ലൈനിൽ ആർ.വി. റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള അവസാന ട്രെയിൻ പുലർച്ച 3.10ന് പുറപ്പെടും. ബൊമ്മസാന്ദ്രയിൽനിന്ന് ആർ.വി റോഡിലേക്കുള്ള അവസാന സർവിസ് പുലർച്ച 1.30ന് പുറപ്പെടും. മെജസ്റ്റിക്കിലെ നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷനിൽനിന്ന് പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്, ചല്ലഘട്ട എന്നീ നാല് ടെർമിനൽ സ്റ്റേഷനുകളിലേക്കും ഗ്രീൻ ലൈനിലെ മദവര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്കും ഉള്ള അവസാന മെട്രോ സർവിസുകൾ പുലർച്ച 2.45ന് പുറപ്പെടും.
രാത്രി 11.30നുശേഷം പർപ്പിൾ ലൈനിൽ എട്ട് മിനിറ്റ് ഇടവേളയിലും ഗ്രീൻ, യെല്ലോ ലൈനുകളില്‍ 15 മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ സർവിസ് നടത്തും. പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡിസംബർ 31ന് രാത്രി 10 മുതൽ എം.ജി. റോഡ് സ്റ്റേഷൻ അടച്ചിടുമെന്ന് ബി.എം.ആർ.സി.എല്‍ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ടിക്കറ്റ് കൗണ്ടറുകളിൽ തിരക്ക് ഒഴിവാക്കുന്നതിനായി ഡിസംബർ 31 രാത്രി 11 നുശേഷം ട്രിനിറ്റി, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ ടോക്കൺ വിൽപന നിർത്തലാക്കും. ഈ സ്റ്റേഷനുകളിൽനിന്ന് രാത്രി 11നുശേഷം യാത്ര ചെയ്യുന്ന യാത്രക്കാർ ക്യു.ആർ ടിക്കറ്റുകൾ വഴി മുൻകൂറായി മടക്കയാത്ര ടിക്കറ്റുകൾ വാങ്ങുകയോ സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുകയോ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.