കസ്റ്റഡിയിലെടുത്ത സ്ത്രീയെ പൊലീസ് വസ്ത്രാക്ഷേപം നടത്തിയെന്ന് ബി.ജെ.പി; നിഷേധിച്ച് പൊലീസ്

ബംഗളൂരു: ഹുബ്ബള്ളിയിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പൊലീസ് വസ്ത്രാക്ഷേപം നടത്തിയതായി ആക്ഷേപം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ബുധനാഴ്ച കേഷ്വാപൂർ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. സംഭവം നിഷേധിച്ച് രംഗത്തുവന്നു. പൊലീസ് വാനിനുള്ളിൽ വസ്ത്രമില്ലാതെ ഇരിക്കുന്ന സ്ത്രീയുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് അവരുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ആക്രമിച്ചതായി ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

തിങ്കളാഴ്ച നടന്നതായി ആരോപിക്കുന്ന സംഭവം ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിന് കാരണമായി. ഈ മാസം രണ്ടിന് കേഷ്വാപൂരിലെ ചാലൂക്യ നഗറിൽ വോട്ടർമാരുടെ കുടുംബ മാപ്പിങ് നടത്തുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ ഒരു ബൂത്ത് ലെവൽ ഓഫിസറെ (ബി.എൽ.ഒ) അനുഗമിക്കുകയും അതു ചോദ്യം ചെയ്തവരെ ആക്രമിക്കുകയും ചെയ്തുവെന്ന് നിവാസിയായ ശിവാനി പ്രശാന്ത് ബൊമ്മാജിയും കോൺഗ്രസ് കോർപറേഷൻ കൗൺസിലർ സുവർണ കല്ലകുന്തളയും ആരോപിച്ചിരുന്നു, ഇതിനെത്തുടർന്ന് കേഷ്വാപൂർ പൊലീസ് ബി.ജെ.പി പ്രവർത്തകയായ സുജാത ഹണ്ടിയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തു.

കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരം പൊലീസ് സുജാതയെ കസ്റ്റഡിയിലെടുത്ത് അപമാനിച്ചുവെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. സുജാത ബി.എൽ.ഒക്ക് വീടുകൾ കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് ബി.ജെ.പി എം.എൽ.എ മഹേഷ് തെങ്കിനകായ് പറഞ്ഞു, എന്നാൽ കോൺഗ്രസ് നേതാക്കൾ അവരെ ഭീഷണിപ്പെടുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. അവരെ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും സസ്‌പെൻഡ് ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

എന്നാൽ, സുജാത സ്വയം വസ്ത്രം ഉരിഞ്ഞ് വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. ഉദ്യോഗസ്ഥർ അവർക്ക് വസ്ത്രങ്ങൾ നൽകുകയാണ് ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2020നും 2025നും ഇടയിൽ സുജാതക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ വർഷം നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശശികുമാർ അറിയിച്ചു. അവരെ കസ്റ്റഡിയിലെടുക്കാൻ കൂടുതൽ വനിത പൊലീസുകാരെ വിന്യസിച്ചതായും അവരിൽ ഒരാളെ കടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാലൂക്യ നഗറിൽ സുജാത പാർട്ടി പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും സമാധാനം തകർക്കാൻ ബി.ജെ.പി പ്രവർത്തകരെ പ്രകോപിപ്പിച്ചുവെന്നും കോൺഗ്രസ് നേതാവ് രജത് ഉള്ളഗദ്ദിമത്ത് ആരോപിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ കേഷ്വാപൂർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പൊലീസിന്റെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ചുമതലയുള്ള മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. വനിത പൊലീസുകാരെ സ്ത്രീ ആക്രമിച്ചതിനും സ്വയം വസ്ത്രങ്ങൾ അഴിച്ചതിനും തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ മേയർ ജ്യോതി പാട്ടീൽ, ഡെപ്യൂട്ടി മേയർ സന്തോഷ് ചവാൻ, മുൻ എം.എൽ.എ സീമ മസൂതി എന്നിവർ സംസാരിച്ചു.

Tags:    
News Summary - BJP claims police made a dress-revealing remark on a woman taken into custody; Police denies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.