ബംഗളൂരു: കർണാടകയിൽ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടായി പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി സർവിസ് തുടങ്ങുന്നു. ബംഗളൂരു-ശിവമൊഗ്ഗ പാതയിലാണ് ട്രെയിൻ സർവിസ് തുടങ്ങുന്നത്. തലസ്ഥാനവും മധ്യ കർണാടകയും തമ്മിലുള്ള ബന്ധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർവിസ്. വിദ്യാർഥികൾ, പ്രഫഷണലുകൾ, ബിസിനസ് ട്രാവലേഴ്സ് എന്നിവർക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗളൂരു സെൻട്രൽ എം.പി പി.സി മോഹനനാണ് പുതിയ സർവിസ് തുടങ്ങുന്ന വിവരം അറിയിച്ചത്. ബംഗളൂരുവിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് ശിവമൊഗ്ഗ സ്ഥിതി ചെയ്യുന്നത്.
നേരത്തേ 2023ൽ ശിവമൊഗ്ഗയിലെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. വന്ദേഭാരത് സർവിസ് നഗരത്തിലെ ഗതാഗതസംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഹനൻ പറഞ്ഞു.
കർണാടകയിലെ 12ാമത് വന്ദേഭാരത് സർവിസാണ് ശിവമൊഗ്ഗയിലേക്കുള്ളത്. ബംഗളൂരുവിൽനിന്ന് മൈസൂരു, ചെന്നൈ, ഹൈദരാബാദ്, ധർവാഡ്, കോയമ്പത്തൂർ, ബെളഗാവി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വന്ദേഭാരത് സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.