‘സാമിയ’ ചലച്ചിത്രത്തിൽനിന്നുള്ള രംഗം
ബംഗളൂരു: സാമിയ ! അതൊരു തീ പൂവിന്റെ പേരായിരുന്നു. സോമാലിയയിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച് ജീവിത സാഹചര്യങ്ങളോടും പ്രതിസന്ധികളോടും പോരാടി ഒളിമ്പിക്സിൽ വരെയെത്തി ഒടുവിൽ അഭയാർഥി യാത്രക്കിടെ മെഡിറ്ററേനിയൻ കടലിൽ പൊലിഞ്ഞുപോയ ഒരു പെൺപൂവ്.
സാമിയ യൂസുഫ് ഒമര്‍ എന്ന സോമാലിയൻ കായിക താരത്തിന്റെ ജീവിത കഥ അഭ്രപാളിയിൽ പകർത്തിയ ‘സാമിയ’ ബംഗളൂരു ചലച്ചിത്രമേളയുടെ അഞ്ചാംദിനത്തിൽ നൊമ്പരപ്പെടുത്തിയ കാഴ്ചയായി. നിറഞ്ഞ സദസ്സിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
നിശ്ചയ ദാര്‍ഢ്യത്തിലൂടെ സ്വപ്നം സാക്ഷാത്കരിച്ച കൗമാരക്കാരിയുടെ കഥ ലോകം മുഴുവനുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും അവകാശ പോരാട്ടത്തിന്റെയും പൊള്ളുന്ന ഏടുകളിലൊന്നാണ്. ഭയം നിന്റെ മുഖത്ത് നിന്നും മാറ്റണം എന്ന സുഹൃത്തിന്റെ വാക്കുകളില്‍ സാമിയ സ്വയം കരുത്താർജിക്കാന്‍ തുടങ്ങുന്നു.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും പ്രതീക്ഷ കൈവിടാതെ പോരാടിയ പെണ് കരുത്തിന്റെ സിനിമ കൂടിയാണ് യാസ്മിന് സംദേറേലി സംവിധാനം ചെയ്ത ‘സാമിയ’. അഫ്ഗാനി സംവിധായിക റോയ സാദത്തിന്റെ ‘സിമാസ് സോങ്’, ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റന്റിൻ ബൊജാനോവ് സംവിധാനം ചെയ്ത ‘ദ ഷെയിംലെസ്സ്’ എന്നീ ചിത്രങ്ങളും അഞ്ചാം ദിനത്തിൽ പ്രേക്ഷക ശ്രദ്ധ നേടി.
സുരയ്യയുടെയും അവളുടെ ആത്മ സുഹൃത്തായ സിമയുടെയും സൗഹൃദ ബന്ധത്തിലൂടെ 1970കളുടെ അവസാനത്തില്‍ അഫ്ഗാനിസ്താനില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയുടെ കഥ പറയുകയാണ് ‘സിമാസ് സോങ്’. സമ്പന്ന കുടുംബത്തില്‍ ജനിച്ച സുരയ്യ കമ്യൂണിസ്റ്റ് ചിന്താഗതിയിലൂടെ തുല്യതക്കായി വാദിക്കുന്നു.
ഇമ്പമുള്ള പാട്ടുകളിലൂടെ ഹൃദയ വേദനകള്‍ പകര്ന്നുനല്കുന്ന സിമ ജീവിതത്തിന്റ ഒരു ഘട്ടത്തില്‍ വീണമീട്ടിയിരുന്ന അതേ കൈകള്‍ കൊണ്ടുതന്നെ കൈയില്‍ തോക്കേന്തുന്നു. റോയ സാദത്ത് സംവിധാനം നിര്‍വഹിച്ച ചിത്രം ടോകിയോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ഗോട്ടെ ബോര്‍ഗ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ പുരസ്കാരം നേടിയിട്ടുണ്ട്. വ്യാഴാഴ്ച എം.ടിയുടെ ‘നിർമാല്യം’, അരവിന്ദന്റെ ‘കുമ്മാട്ടി’, ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച വിനോദ് കാപ്രിയുടെ ‘പൈരെ’, റുനാര് റുനാര്സ്സന് സംവിധാനം ചെയ്ത ‘വെന്‍ ദി ലൈറ്റ് ബ്രേക്സ്’ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.