മംഗളൂരു: ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയുടെ ശ്രീനാരായണ ഗുരു ടാബ്ലോ അവതരിപ്പിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിൽ വന്ന് ഗുരു പ്രതിമയിൽ തൊഴുതു വണങ്ങുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജിമ്മിക്കാണെന്ന് കെപിസിസി പ്രചാരണ വിഭാഗം ചെയർമാൻ മുൻ മന്ത്രി വിനയകുമാർ സൊറകെ പറഞ്ഞു.
ജെ.ഡി.എസ് വിട്ട 42 വിവിധ ഘടകം ഭാരവാഹികളെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത ശേഷം ചൊവ്വാഴ്ച മംഗളൂരു ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മംഗളൂരുവിൽ ഞായറാഴ്ച ശ്രീനാരായണ ഗുരു പ്രതിമ വണങ്ങിയായായിരുന്നു മോദി തന്റെ റോഡ്ഷോ ആരംഭിച്ചത്.
നരേന്ദ്ര മോദിയുടെ "ഗ്യാരണ്ടികൾ"ക്ക് ഒരു ഉറപ്പുമില്ലെന്ന് മുമ്പ് നൽകിയ പുലരാത്ത വാഗ്ദാനങ്ങൾ തെളിയിച്ചതാണ്.അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിലെ കോൺഗ്രസ് നൽകിയ എല്ലാ ഉറപ്പുകളും പാലിച്ചു.ഇതിലൂടെ ബിജെപിയുടെ 10-15 ശതമാനം വോട്ടുകൾ കോൺഗ്രസിന് ലഭിക്കും.
കോൺഗ്രസ് 20 സീറ്റുകളിലെങ്കിലും വിജയിക്കും.ബിജെപിയുമായി സഖ്യത്തിലായതോടെ ജെഡിഎസിന്റെ മതേതര മൂല്യം നഷ്ടമായി.ഇത് തിരിച്ചറിഞ്ഞാണ് ആ പാർട്ടി ഭാരവാഹികൾ കോൺഗ്രസിലേക്ക് വന്നത്. എസ്.ഡി.പി.ഐ പിന്തുണ സംബന്ധിച്ച് സംസ്ഥാന തലത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് സൊറകെ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാർ എം.എൽ.സി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.