ബംഗളൂരു: ബന്നാര്‍ഘട്ട ദേശീയോദ്യാനത്തിലെ കരടിക്ക് കൃത്രിമ കാല് ഘടിപ്പിച്ചു. മൂന്നുവര്‍ഷം മുമ്പാണ് ബെള്ളാരി ജില്ലയിലെ വനങ്ങളിൽ വേട്ടക്കാർ ഒരുക്കിയ ക്രൂരമായ കെണിയിൽ നിന്ന് രക്ഷപ്പെടുത്തി 16 വയസ്സുള്ള വാസി എന്ന് വിളിപ്പേരുള്ള വസീകരന്‍ എന്ന കരടിയെ ഗുരുതരാവസ്ഥയിൽ ബന്നാർഘട്ട കരടി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. ഒന്നിലധികം ഒടിവുകളും കടുത്ത രക്തസ്രാവവും ഉണ്ടായതിനാൽ വാസി അതിജീവിക്കുമോ എന്ന സംശയം അധികൃതര്‍ക്ക് ഉണ്ടായിരുന്നു.
തുടര്‍ന്ന് കരടിയുടെ പിന്കാല് മുറിച്ചുമാറ്റേണ്ടി വന്നു. മൂന്നുകാലില് പ്രയാസങ്ങളോടെ വാസി പാര്‍ക്കിനുള്ളില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ വൈൽഡ്ലൈഫ് എസ്.ഒ.എസ്, ബന്നാര്‍ഘട്ട ദേശീയോദ്യാനം, വനം വകുപ്പ് എന്നിവര്‍ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഫലമായി കരടിക്ക് കൃത്രിമ കാല് നിർമിക്കുകയായിരുന്നു.
പ്രശസ്ത പ്രോസ്തെറ്റിക്സ് വിദഗ്ധനായ ഡെറിക് കമ്പാനയും രക്ഷാകേന്ദ്രത്തിലെ മറ്റ് വിദഗ്ധരും നടത്തിയ ദീർഘകാല ശസ്ത്രക്രിയകൾക്ക് വാസി വിധേയനായി. മോൾഡിങ്, പരിശോധന, ശസ്ത്രക്രിയ, ചികിത്സ എന്നിവ മൂന്നുദിവസത്തോളം നീണ്ടുനിന്നു. തുടര്‍ന്നും വാസി നിരന്തരമായ നിരീക്ഷണത്തിലായിരുന്നു. മരം കയറല്‍, ഭക്ഷണം തേടല്‍ എന്നിവക്ക് അനുയോജ്യമായ കൃത്രിമ കാല് വാസിക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്യുകയായിരുന്നുവെന്ന് വൈൽഡ്ലൈഫ് എസ്.ഒ.എസ് ടീം പറഞ്ഞു.
പട്ടികള്‍ക്കും ആനകള്‍ക്കും കൃത്രിമ കാല് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമായാണ് കരടിക്ക് കൃത്രിമ കാല് വെക്കുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ഓരോ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ കഴിയാറുണ്ടെങ്കിലും കരടിക്ക് കൃത്രിമ കാല് നിർമിക്കുക വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് കമ്പാന പറഞ്ഞു. മൂന്ന് കാലുകളിൽ നടക്കുന്നതുമൂലം വാസിയുടെ സന്ധികളിലും നട്ടെല്ലിലും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ആശങ്കയിലായിരുന്നുവെന്നും കൃത്രിമ കാല് വെച്ചതിനാല്‍ അവന് പ്രയാസങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്നും വൈൽഡ്ലൈഫ് എസ്.ഒ.എസിലെ സീനിയർ വെറ്ററിനറി ഓഫിസർ ഡോ. അരുൺ എ. ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.