ബംഗളൂരു: ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും പക്ഷിപ്പനി പടർന്നുപിടിച്ചതിനെത്തുടർന്ന് കർണാടക അതിർത്തി നിരീക്ഷണം ശക്തമാക്കി. ഈ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കോഴി ലോറികളിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പരിശോധന വർധിപ്പിച്ചു. ബിദർ, കലബുറുഗി, ബെളഗാവി ജില്ലകളിലാണ് പ്രത്യേക നിരീക്ഷണം. നിരവധി ദേശാടനപ്പക്ഷികളെ കാണുന്ന ജലാശയങ്ങളിൽ അണുബാധയോ മരണമോ ഉണ്ടാകാനുള്ള സാധ്യതയും നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കർണാടകയിൽ പക്ഷിപ്പനി കേസുകൾ കണ്ടെത്തിയിട്ടില്ലെന്ന് ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം പ്രോജക്ട് ഡയറക്ടർ അൻസാർ അഹമ്മദ് പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. മൃഗങ്ങളെയോ പച്ചമാംസത്തെയോ കൈകാര്യം ചെയ്യുമ്പോൾ കൈയുറകൾ, ഷൂസ്, മാസ്കുകൾ എന്നിവ ധരിക്കുക, ഇടക്കിടെ കൈകൾ കഴുകുക, ശരിയായി വേവിച്ച മാംസം മാത്രം കഴിക്കുക, പച്ചമാംസവും വേവിച്ച മാംസവും കലർത്തുന്നത് ഒഴിവാക്കുക, സംശയിക്കപ്പെടുന്ന രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കൂടുതൽ സംരക്ഷണത്തിനായി സീസണൽ ഫ്ലൂ വാക്സിൻ എടുക്കാനും അദ്ദേഹം നിർദേശിച്ചു. ചില പ്രാദേശിക കോഴി വിൽപനക്കാർ വിൽപനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനവ്യാപകമായി ആവശ്യത്തിലോ വിതരണത്തിലോ കുറവുണ്ടായിട്ടില്ലെന്ന് കർണാടക പൗൾട്രി ഫാർമേഴ്സ് ആൻഡ് ബ്രീഡേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.