ബംഗളൂരു: ഓട്ടോറിക്ഷ ഡ്രൈവർ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സീലിങ് ഫാനിൽ തൂങ്ങിമരിച്ചു. ബ്യാദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വി. സുരേഷാണ് (40) വസ്ത്രനിർമാണ തൊഴിലാളിയായ ഭാര്യ ജി. മമതയെ (32) കൊന്നതെന്ന് പൊലീസ് പറഞ്ഞു. കാളിനഗറിൽ വാടകവീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഗാർഹിക തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ആറ് വയസ്സുള്ള കുട്ടി തന്റെ അമ്മൂമ്മയെ വിളിച്ച്, അമ്മ അബോധാവസ്ഥയിൽ കിടക്കുന്നതായും ഉടൻ വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. സമീപത്ത് താമസിച്ചിരുന്ന മുത്തശ്ശി എത്തിയപ്പോൾ ജനാലക്കരികിൽ ആൺകുട്ടി നിൽക്കുന്നത് കണ്ടു.
തന്റെ താക്കോൽ ഉപയോഗിച്ച് വീടിന്റെ പൂട്ട് തുറന്നപ്പോൾ മുഖത്ത് പോറലുകളും മൂക്കിൽനിന്ന് രക്തസ്രാവവുമുള്ള മകൾ കട്ടിലിൽ ബോധരഹിതയായി കിടക്കുന്നത് കാണുകയായിരുന്നു. പിന്നീട് തന്റെ മരുമകൻ മറ്റൊരു മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, സുരേഷ് ആദ്യം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.