ഓട്ടോയിലെ സ്ഫോടനം: കേരളത്തിലും അന്വേഷണം

ബംഗളൂരു: മംഗളൂരുവിൽ ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്ന സംഭവത്തിൽ കേരളമടക്കം കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്ന് പൊലീസ്. ബംഗളൂരു കെ.ജി. ഹള്ളിയിൽനിന്ന് മൈസൂരു സ്വദേശിയെ പിടികൂടി. കേസിലെ പ്രതി ഷാരിഖുമായി ബന്ധമുള്ള ഇയാളെ കൂടുതൽ അന്വേഷണത്തിനായി മൈസൂരു പൊലീസിന് കൈമാറി.

തമിഴ്നാട്ടിലെ നീലഗിരിയിൽനിന്ന് കഴിഞ്ഞ ദിവസം പിടിയിലായ ആളെ കർണാടകയിൽ എത്തിച്ചു. കേസന്വേഷണം കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവർ തമിഴ്നാടും കേരളവും സന്ദർശിച്ചിട്ടുണ്ട്. ഇവിടെ ഷാരിഖുമായി ബന്ധമുള്ളവർ ഉണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരമാണ് മംഗളൂരു കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്നത്. പ്രഷർ കുക്കറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചായിരുന്നു സ്ഫോടനം. ഓട്ടോ യാത്രക്കാരനായ ബംഗളൂരു തീർഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖിന്‍റെ (24) കൈയിലെ ബാഗിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഡ്രൈവർ പറഞ്ഞത്.

45 ശതമാനം പൊള്ളലേറ്റ ഇയാൾ ചികിത്സയിലാണ്. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് മംഗളൂരു പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. നില മെച്ചപ്പെടുകയും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ ഇയാളെ ചോദ്യം ചെയ്യും.

ഓട്ടോ ഡ്രൈവർക്ക് കൈകൾക്കും പുറകിലും മുഖത്തുമാണ് പൊള്ളലേറ്റത്. 25 ശതമാനം പൊള്ളലേറ്റ ഇയാൾ അടുത്ത ദിവസം ആശുപത്രി വിടും. കോയമ്പത്തൂർ കാർ സ്ഫോടനവുമായി മംഗളൂരു സംഭവത്തിന് ബന്ധമുണ്ടോ, ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷനെ സ്ഫോടനം ലക്ഷ്യം വെച്ചോ എന്ന ചോദ്യത്തിന് എല്ലാ വശങ്ങളിലുമുള്ള അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷാരിഖ് നടത്തിയ യാത്രകൾ, സന്ദർശിച്ച സ്ഥലങ്ങൾ തുടങ്ങിയവയെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. 

Tags:    
News Summary - Auto blast-investigation in kerala too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.