മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിൽ വിദ്വേഷപ്രചാരണ-വർഗീയ വിരുദ്ധ പൊലീസ് സ്ക്വാഡ് പ്രവർത്തനം തുടങ്ങിയതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം ആറിന് മംഗളൂരുവിൽ ചേർന്ന ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ആറ് അംഗങ്ങൾ ഉൾപ്പെട്ടതാണ് പ്രത്യേക സ്ക്വാഡ്.
വിദ്വേഷ പ്രസംഗം, സദാചാര ഗുണ്ടായിസം, സാമുദായിക സ്പർധക്കിടയാക്കുന്ന കാര്യങ്ങൾ ചെയ്യുക, കന്നുകാലി മോഷണവും കടത്തും എന്നിവ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ പെട്ടെന്ന് അസി. കമീഷണർ സിറ്റി പൊലീസ് കമീഷണറേറ്റിൽ റിപ്പോർട്ട് ചെയ്യും.
മംഗളൂരു മണ്ഡലത്തിലെ സോമേശ്വരം ബീച്ചിൽ കാസർകോട് നിന്നുള്ള വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടകൾ ഈയടുത്ത് അക്രമം നടത്തിയിരുന്നു. ഇത് ഉൾപ്പെടെ 10 ദിവസത്തിനിടയിൽ രജിസ്റ്റർ ചെയ്ത 200 കേസുകൾ പ്രത്യേക സ്ക്വാഡ് അന്വേഷിക്കും. സിറ്റി കമീഷണറേറ്റിന് കീഴിലെ പൊലീസ് സ്റ്റേഷനുകൾ അതത് പരിധിയിലെ ഇത്തരം സംഭവങ്ങൾ സ്ക്വാഡിനെ അറിയിക്കാൻ നിർദേശം നൽകിയതായി കുൽദീപ് കുമാർ ജയിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.