മംഗളൂരു: കോലാർ എസ്.ഡി.സി കോളജ് വിദ്യാർഥി കാർത്തിക് സിങ് (17) കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ വൈരാഗ്യമെന്ന് സൂചന. ജന്മദിനങ്ങൾ ഉൾപ്പെടെ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന സിങ് നേരത്തേയും ആക്രമണത്തിന് ഇരയായിരുന്നു. കൊലയാളിസംഘത്തലവൻ ദിലീപ് എന്ന ഷൈനിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജന്മദിനം ആഘോഷിക്കാത്ത സാഹചര്യത്തിൽ വളരുന്ന കാർത്തിക് സിങ് സഹപാഠികളുടേയും സുഹൃത്തുക്കളുടേയും പാർട്ടികൾ നടക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ് ചെയ്തിരുന്നത്. ഇതിലുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച വയറുവേദനമൂലം കാർത്തിക് കോളജിൽ പോയില്ല.
വീട്ടിൽ വിശ്രമിക്കുകയായിരുന്ന കാർത്തികിനെ മൊബൈൽ ഫോണിൽ വിളിച്ച് പേട്ട ചമനഹള്ളി ഗവ. സ്കൂൾ ലേഔട്ട് പരിസരത്ത് കൊണ്ടുവന്ന് ആക്രമിച്ച് കൊല്ലുകയായിരുന്നു. രക്തം വാർന്ന് മരണം സംഭവിച്ചു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോലാർ പി.സി ലേഔട്ടിൽ താമസിക്കുന്ന പെയിന്റർ അരുൺ സിങ്ങിന്റെ മകനായ കാർത്തിക് പ്രീ യൂനിവേഴ്സിറ്റി (പി.യു) ഒന്നാം വർഷ വിദ്യാർഥിയാണ്. മാരക മുറിവേറ്റ് കാർത്തിക് പിടയുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.