മൈസൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെലുവാമ്പ ആശുപത്രിയിൽ നടന്ന അമൃതവർഷിണി പാൽ ബാങ്ക് ഉദ്ഘാടന ചടങ്ങ്
ബംഗളൂരു: മൈസൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എം.എം.സി ആന്‍ഡ് ആർ.ഐ) ചെലുവാമ്പ ആശുപത്രിയിൽ അമൃതവർഷിണി പാൽ ബാങ്ക് ഉദ്ഘാടനം റോട്ടറി ജില്ല ഗവർണർമാരായ ബി.ആർ. ശ്രീധർ, പി.കെ. രാമകൃഷ്ണ എന്നിവര്‍ ചേർന്ന് നിര്‍വഹിച്ചു. നവജാതശിശുക്കളുടെ ആരോഗ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
റോട്ടറി ക്ലബ് ഓഫ് മൈസൂർ മെട്രോയുടെയും റോട്ടറി ക്ലബ് ഓഫ് ബാംഗ്ലൂർ സൗത്ത് പരേഡിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. എച്ച്.ആർ. കേശവ്, ഡോ. കെ. ശിവപ്രസാദ്, യശസ്വി സോമശേഖർ, റോട്ടറി മൈസൂർ മെട്രോ ചെയർമാൻ എം.പി. ഗോപാലകൃഷ്ണ, സെക്രട്ടറി മോഹൻ ഗുരുമൂർത്തി, റോട്ടറി ബാംഗ്ലൂർ സൗത്ത് പരേഡ് ചെയർമാൻ സുനിൽകുമാർ, സെക്രട്ടറി സതീഷ് ചിങ്ങൽ, ചെലുവമ്പ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ. സുധ, ശിശുരോഗ വിഭാഗം മേധാവി ഡോ. എൻ. പ്രദീപ്, മിൽക്ക് ബാങ്ക് നോഡൽ ഓഫിസർ ഡോ. ഹംസ, ഡോ. കെ.ആർ. ദാക്ഷായണി എന്നിവർ പങ്കെടുത്തു.
ജനുവരി ആദ്യവാരം മുതൽ മില്‍ക്ക് ബാങ്ക് പ്രവർത്തനം ആരംഭിക്കുമെന്ന് പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. എൻ. പ്രദീപ് പറഞ്ഞു. മുലയൂട്ടുന്ന സ്ത്രീകൾക്ക് ബ്രെസ്റ്റ് പമ്പ് വഴി പാൽ പമ്പ് ചെയ്ത് ദാനം ചെയ്യാം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീകൾക്കും പുറത്തുനിന്നുള്ളവർക്കും പാൽ ദാനം ചെയ്യാം.
ഒരാൾക്ക് കുറഞ്ഞത് 50 മില്ലിമുതൽ 100 മില്ലിവരെ നല്‍കാം. ആശുപത്രിയിലെ ആവശ്യമുള്ള നവജാതശിശുക്കൾക്ക് പാൽ നൽകും. കൂടാതെ പുറത്തുനിന്ന് ലഭിക്കുന്ന അഭ്യർഥനയും പരിഗണിക്കുമെന്ന് ഡോ. പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.