ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധാർവാഡിൽ റോഡ് ഷോ നടത്തി. വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ ‘വിജയ് സങ്കൽപ് അഭിയാൻ’ പ്രചാരണത്തിന്റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്.
കോൺഗ്രസും ജെ.ഡി.എസും കുടുംബ രാഷ്ട്രീയത്താലും അഴിമതിയാലും ദുഷിച്ചിരിക്കുകയാണ്. ഗാന്ധി കുടുംബത്തിനു മാത്രമാണ് കോൺഗ്രസ് ക്ഷേമം നൽകുക. ജെ.ഡി.എസാകട്ടെ അച്ഛൻ, അമ്മമ്മ, മക്കൾ, അവരുടെ ഭാര്യമാർ, മരുമക്കൾ തുടങ്ങിയവർക്കായാണ് ഭരണം നടത്തുന്നത്.
മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാറിന് കീഴിൽ മാത്രമേ യുവാക്കൾക്ക് അവസരവും ക്ഷേമവും ഉണ്ടാകൂ. -അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പ, സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ ജനുവരി മാസത്തെ രണ്ടാമത്തെ സന്ദർശനമാണ് അമിത് ഷാ നടത്തിയത്. തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ മുന്നൊരുക്കം അദ്ദേഹം വിലയിരുത്തി. കുണ്ട്ഗോലിലെ റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഹുബ്ബള്ളി കെ.എൽ.ഇ.ബി.വി.ബി കോളജിന്റെ 75ാം വാർഷികാഘോഷത്തിൽ പങ്കെടുത്തു. ഇവിടത്തെ ഇൻഡോർ സ്റ്റേഡിയം അദ്ദേഹം ഉദ്ഘാടനം ചെയ്തു. നാഷനൽ ഫോറൻസിക് സയൻസ് സർവകലാശാലക്ക് തറക്കല്ലിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.