ബംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച സംസ്ഥാനത്ത് ഏകദേശം 2,000ത്തോളം ഗ്രാമങ്ങളിൽ ഇപ്പോഴും സർക്കാർ ബസ് സർവിസ് ഇല്ല. കെ.എസ്.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിവയുടെ അധികാരപരിധിയിൽ വരുന്ന 1,983 ഗ്രാമങ്ങളിലാണ് സര്‍ക്കാര്‍ ബസ് ഇല്ലാത്തത്.
സ്വകാര്യബസ് സര്‍വിസുകളുടെ ആധിപത്യം കാരണം ബസുകൾ നൽകാൻ കഴിയില്ലെന്നും ബസുകൾ ഓടിക്കാൻ ശരിയായ റോഡുകളില്ല എന്നുമാണ് ഈ വിഷയത്തില്‍ സർക്കാറിന്റെ ന്യായീകരണം. ബസുകളുടെ ക്ഷാമമുണ്ടെന്ന് ഗതാഗത മന്ത്രി തന്നെ തുറന്നു സമ്മതിക്കുന്നു. 17 ജില്ലകളില്‍ സര്‍വിസ് നടത്തുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (കെ.എസ്.ആർ.ടി.സി)യുടെ അധികാരപരിധിയിലുള്ള 1,892 ഗ്രാമങ്ങളിൽ ബസ് സർവിസ് ഇല്ല. 21,748 ഗ്രാമങ്ങളിൽ 20,090 ഗ്രാമങ്ങളിലും ഇവ ബസ് സര്‍വിസ് നടത്തുന്നുണ്ട്. 234 ഗ്രാമങ്ങളിൽ ഹെവി വാഹനങ്ങൾക്ക് അനുയോജ്യമായ റോഡുകളില്ല എന്നതിനാൽ ബസുകൾക്ക് സര്‍വിസ് നടത്താൻ സാധിക്കുന്നില്ല.
ബാക്കിയുള്ള പ്രദേശങ്ങളിൽ സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തുന്നത്. വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ മേഖലയിൽ 45 ഗ്രാമങ്ങൾക്ക് ബസ് സർവിസില്ല. ആറ് ജില്ലകളിലെ 4,610 ഗ്രാമങ്ങളില്‍ 4,565 എണ്ണത്തിന് മാത്രമേ ബസ് സൗകര്യമുള്ളൂ. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ കീഴിലുള്ള ഏകദേശം 46 ഗ്രാമങ്ങൾക്കും ബസ് സർവിസ് ഇല്ല. 5,283 ഗ്രാമങ്ങളിൽ 5,237 ഗ്രാമങ്ങളിൽ മാത്രമേ ബസ് സൗകര്യമുള്ളൂ. ബസ് ഗതാഗതത്തിന് അനുയോജ്യമായ റോഡുകൾ ഇല്ലാത്തതിനാല്‍ പല ഗ്രാമങ്ങളിലേക്കും ബസുകൾ നൽകുന്നില്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.