ബംഗളൂരു: പൊതുജനാരോഗ്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിയന്ത്രിക്കാൻ കർണാടക സർക്കാർ സംസ്ഥാനത്തുടനീളമുള്ള മുനിസിപ്പൽ കോർപറേഷനുകൾക്ക് നിർദേശം നൽകി. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്കും (ജി.ബി.എ) എല്ലാ മുനിസിപ്പൽ കോർപറേഷനുകൾക്കും നിര്‍ദേശം നടപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നഭ്യർഥിച്ച് ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി വി. ലക്ഷ്മികാന്ത് നഗരവികസന വകുപ്പിന് കത്തെഴുതി.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡിസംബർ 16ന് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് പക്ഷികൾ കൂട്ടം കൂടാനും അമിതമായ കാഷ്ഠം മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. പ്രാവുകളുടെ കാഷ്ഠവും തൂവലുകളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൈപ്പർ സെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് എന്നിവക്ക് കാരണമാകും.
പ്രാവുകൾ വഴി പടരുന്ന അപകടകരമായ രോഗങ്ങള്‍ കുറക്കുന്നതിനും തങ്ങളുടെ അധികാരപരിധിയിൽ നിർദിഷ്ട മാർഗനിർദേശങ്ങൾ നടപ്പാക്കാനും കമീഷണർ, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി, മറ്റ് മുനിസിപ്പൽ കോർപറേഷനുകളുടെ കമീഷണർമാർ, ചീഫ് ഓഫിസർമാർ എന്നിവർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
നിശ്ചിത പ്രദേശങ്ങളിൽ മാത്രമേ പ്രാവുകൾക്ക് തീറ്റ നൽകാൻ അനുവാദമുള്ളൂ. ഇത്തരം പ്രദേശങ്ങൾ മറ്റുള്ളവരുമായി കൂടിയാലോചിച്ച ശേഷം തിരഞ്ഞെടുക്കാം. പ്രദേശങ്ങളുടെ പരിപാലനത്തിനും നിർദേശങ്ങൾ പാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏതെങ്കിലും ചാരിറ്റബിൾ സംഘടനയോ എൻ.ജി.ഒയോ ഏറ്റെടുക്കും.
ഭക്ഷണം നൽകുന്നതിനായി ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താമെന്നും കുറിപ്പിൽ പറയുന്നു.
പ്രാവുകളുടെ കാഷ്ഠം, തൂവലുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍, നിയന്ത്രണ നിർദേശങ്ങളുടെ ഉള്ളടക്കം, നിയമ ലംഘനത്തിനുള്ള ശിക്ഷ, പൊതുജനാരോഗ്യത്തിന് പ്രയാസമുണ്ടാക്കാത്ത പക്ഷി സംരക്ഷണ രീതികൾ എന്നിവ വിശദീകരിക്കുന്ന സൈൻബോർഡുകൾ, ബാനറുകൾ, ഡിജിറ്റൽ സന്ദേശങ്ങൾ എന്നിവയുടെ പ്രദർശനം, പൊതുജന അവബോധ കാമ്പയിനുകൾ എന്നിവ നടത്താനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.