മൈസൂർ കൊട്ടാരത്തിൽ ശനിയാഴ്ച തുടങ്ങുന്ന പുഷ്പമേളക്കുള്ള ഒരുക്കം
ബംഗളൂരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസൂർ കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേള നടക്കും. ശനിയാഴ്ച ആരംഭിക്കുന്ന പുഷ്പമേള 31ന് അവസാനിക്കും. വൈകീട്ട് നാലിന് ഡോ. എച്ച്.സി. മഹാദേവപ്പ ഉദ്ഘാടനം ചെയ്യും. ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ച് നിർമിച്ച ശൃംഗേരിയിലെ ശ്രീ ശാരദാംബ ക്ഷേത്രത്തിന്റെ പുഷ്പ മാതൃകയാണ് ഈ വർഷത്തെ പ്രധാന ആകര്‍ഷണം.
പുഷ്പമേളയുടെ പാരമ്പര്യം, സാമൂഹിക പ്രമേയങ്ങൾ, സമകാലിക നേട്ടങ്ങൾ എന്നിവയും മേളയില്‍ വിവരിക്കും. അന്തരിച്ച പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയുടെ ‘തിന’ ഉപയോഗിച്ച് നിര്‍മിച്ച ഛായാചിത്രം, മുമ്മാടി കൃഷ്ണരാജ വാഡിയാർ, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, പച്ചക്കറി കൊത്തുപണികൾ, രാധ-കൃഷ്ണൻ തുടങ്ങി നിരവധി കലാസൃഷ്ടികള്‍ കാണാം.
ടാങ്ക്, യുദ്ധക്കപ്പൽ, യുദ്ധവിമാനം, കൂടാതെ കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഛോട്ടാ ഭീം എന്നിവയുടെ പുഷ്പ മാതൃകകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ആദ്യ സന്ദര്‍ശനം നടത്തുന്ന 50 പേര്‍ക്ക് കറ്റാർ വാഴ, തുളസി, മുല്ലപ്പൂ, വെറ്റില, എന്നിവയുടെ തൈകൾ സമ്മാനമായി ലഭിക്കും. പാവ പ്രദര്‍ശനം, ജയചാമരാജ വാഡിയാറിന്റെ ഭക്തിഗാനങ്ങൾ, വൊഡയാർ രാജവംശത്തിന്റെ ഭരണകാലത്തെ അപൂർവ ഫോട്ടോകൾ, മുൻകാലങ്ങളിലെ ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ എന്നിവ പ്രദര്‍ശിപ്പിക്കും. വൈകീട്ട് അഞ്ച് മുതൽ 9.30 വരെ സാംസ്കാരിക പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.