ബംഗളൂരു: കലബുറഗി ജില്ല ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരണത്തിനെതിരെ പാകിസ്താൻ വംശജയെന്ന് ആരോപിച്ച ബി.ജെ.പി എം.എൽ. എ സി എൻ. രവികുമാർ ചൊവ്വാഴ്ച അസി.പൊലീസ് കമീഷണർ (സൗത്ത്) ഓഫിസിൽ ഹാജരായി. കഴിഞ്ഞ മാസം 24ന് പാർട്ടി പരിപാടിയിൽ എം.എൽ.സി ഫൗസിയയെ കൂടാതെ പൊലീസ് ഉദ്യോഗസ്ഥർക്കും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന് സ്റ്റേഷൻ ബസാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി രവികുമാർ സഹകരിച്ചിരുന്നില്ല. കർണാടക ഹൈകോടതിയുടെ നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിനായി എ.സി.പി മുമ്പാകെ ഹാജരായത്. ‘‘കലബുറഗി ഡി.സി ഫൗസിയ പാകിസ്താനിൽ നിന്നാണോ വന്നതെന്ന് എനിക്കറിയില്ല’’ എന്ന രവികുമാറിന്റെ പ്രസ്താവനക്കെതിരെ കലബുറഗിയിലെ സ്റ്റേഷൻ ബസാർ പൊലീസ് സ്റ്റേഷനിൽ സ്വകാര്യ വ്യക്തി നൽകിയ പരാതിയനുസരിച്ചാണ് രവികുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഫൗസിയയെ വർഗീയമായി വിമർശിച്ചതിനു പുറമേ പട്ടികജാതി സമുദായത്തിലെ അംഗങ്ങൾക്കും അഡീ. എസ്.പി മഹേഷ് മേഘ്‌നവർ, ഡിവൈ.എസ്.പി ശങ്കർഗൗഡ പാട്ടീൽ, സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രശേഖർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ അദ്ദേഹം അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.