കുരങ്ങ് മൊബൈൽ ഫോണുമായി മരത്തിൽ
ബംഗളൂരു: ശിവമൊഗ്ഗ നഗരത്തിൽ ബുധനാഴ്ച കുവേമ്പു റോഡിൽ കുരങ്ങ് യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് മണിക്കൂറോളം അതിൽ ചെലവഴിച്ച ശേഷം വാഴപ്പഴം ഓഫറിൽ തിരിച്ചുനൽകി. മരത്തിൽ കയറിയിരുന്ന കുരങ്ങ് മനുഷ്യന്റെ ഫോൺ ഉപയോഗരീതികൾ അനുകരിച്ചത് കൗതുകക്കാഴ്ചയായി.
നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതി ഫോൺ തുറന്നിട്ട ജനാലക്കരികിൽ വെച്ചതായിരുന്നു. പെട്ടെന്ന് കുരങ്ങ് അതെടുത്ത് അടുത്തുള്ള മരത്തിൽ കയറിപ്പോയി.
ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചും സ്‌ക്രീനിലേക്ക് ഉറ്റുനോക്കിയും കോളിന് മറുപടി നൽകുന്ന ഭാവത്തിൽ കാതോട് ചേർത്തും ഫോൺ ഉപയോഗം തുടരുന്നതിനിടെ മരച്ചുവടും പരിസരവും ജനനിബിഡമായി. വാഴപ്പഴം നീട്ടിയതിനെത്തുടർന്ന് കുരങ്ങ് ആശുപത്രിയുടെ മേൽക്കൂരയിലേക്ക് ഇറങ്ങി.
പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി. കുരങ്ങ് ഫോൺ താഴെയിട്ട് വാഴപ്പഴമെടുത്ത് രക്ഷപ്പെട്ടു. മൊബൈൽ ഫോണിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.