ബംഗളൂരു: നെലമംഗല ദേശീയപാത നാലിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. വയനാട് മേപ്പാടി സ്വദേശി അനിൽകുമാർ (48) ആണ് മരിച്ചത്. ബംഗളൂരു ജാലഹള്ളി ഷെട്ടിഹള്ളി നന്ദന ലേഔട്ടിലാണ് താമസം. ഷെട്ടിഹള്ളിയിൽ കൃഷ്ണ പേപ്പർ പ്രൊഡക്ട്സ് എന്ന സ്ഥാപന ഉടമയാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ നെലമംഗലയിൽനിന്ന് താമസസ്ഥലത്തേക്ക് കെ.എ. 04 എൻ.ബി 5879 രജിസ്ട്രേഷൻ കാറിൽ പോകവെ അഞ്ചേപാളയയിലാണ് അപകടം.

തീപടർന്നതോടെ കാറിലെ സി.എൻ.ജി സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആക്കം കൂട്ടി. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. കാറിൽ തീ കണ്ടതിനെ തുടർന്ന് അനിൽകുമാർ വാഹനം നിർത്തി നാട്ടുകാരോട് തന്നെ രക്ഷപ്പെടുത്താൻ അ​ഭ്യർഥിച്ചു. എന്നാൽ, കാറിന്റെ വാതിൽ തുറക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. വാഹനത്തിന്റെ ചില്ല് തകർത്ത് അനിൽകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അതും ഫലം കണ്ടില്ല. സി.എൻ.ജി സിലിണ്ടർ പൊട്ടിത്തെറിച്ചതോ​ടെ കാർ പൂർണമായും തീ വിഴുങ്ങി. നെലമംഗല ട്രാഫിക് പൊലീസും അഗ്നി രക്ഷാ സേനയും സംഭവസ്ഥലത്തെത്തി.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ അവശിഷ്ടങ്ങൾ റോഡിൽ നീക്കി പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. രതിയാണ് അനിൽകുമാറിന്റെ ഭാര്യ. വിദ്യാർഥികളായ അരുൺ കൃഷ്ണ, അജയ് കൃഷ്ണ എനിവർ മക്കളാണ്. സംസ്കാരം ബുധനാഴ്ച ബംഗളൂരുവിൽ നടക്കും.

Tags:    
News Summary - A car caught fire on the national highway; The driver was burnt to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.