ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ 1990നും 2021നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളെക്കുറിച്ച് 74 പ്രത്യേക എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനും സമഗ്ര അന്വേഷണം നടത്താനും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ ഹരജി. 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതാവ് കുസുമാവതിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
31 വർഷത്തിനിടെ ധർമസ്ഥല മേഖലയിൽ തിരിച്ചറിയാൻ കഴിയാത്ത നിരവധി പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നതായി ഹരജിയിൽ പറയുന്നു. ഇരകളുടെ കുടുംബങ്ങൾ നിരവധി തവണ അപേക്ഷ നൽകിയിട്ടും വ്യക്തിഗത കേസുകൾ ആരംഭിക്കുന്നതിനോ നേരത്തേ നൽകിയ വിശദ പരാതികളിൽ നടപടിയെടുക്കാനോ എസ്.ഐ.ടി തയാറായില്ല.
74 കേസിനും വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരിയും മറ്റു കുടുംബങ്ങളും കഴിഞ്ഞ മാസം 11ന് എസ്.ഐ.ടിക്ക് രേഖാമൂലം അപേക്ഷ സമർപ്പിച്ചിരുന്നു. തീയതികൾ, സ്ഥലങ്ങൾ, യു.ഡി.ആർ (അസ്വാഭാവിക മരണ റിപ്പോർട്ട്) നമ്പറുകൾ, ശ്മശാന സ്ഥലങ്ങൾ തുടങ്ങി വിശദ വിവരങ്ങൾ സഹിതമായിരുന്നു അത്. നടപടിയെടുക്കാത്തതിനാൽ പൊതുതാൽപര്യ ഹരജിയിൽ എസ്.ഐ.ടിയെ കൂടി പ്രതിചേർക്കുകയും ഫലപ്രദ അന്വേഷണം ഉറപ്പാക്കാൻ ജുഡീഷ്യൽ മേൽനോട്ടം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഹരജിയിലെ ആവശ്യങ്ങൾ
ഓരോ കേസിനും വ്യക്തിഗത അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുക. വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കുക. സംസ്കരിച്ച സ്ഥലങ്ങൾ കണ്ടെത്തുന്നതിനും ഫോറൻസിക് പരിശോധനക്ക് അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിനും ഡി.എൻ.എ പരിശോധന നടത്തുന്നതിനും റഡാർ പോലുള്ള ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിക്കുക. ഫോറൻസിക് പാത്തോളജി വഴി ഇരകളെ തിരിച്ചറിയുക.
കുറ്റവാളികളെ കണ്ടെത്തുന്നതിന് സാക്ഷിമൊഴികൾ രേഖപ്പെടുത്തുക. കുറഞ്ഞത് മൂന്ന് പത്രങ്ങളിലും (കന്നടയിലും ഇംഗ്ലീഷിലും) സർക്കാർ വെബ്സൈറ്റിലും ഓരോ കേസിന്റെയും തീയതി, സ്ഥലം, ലിംഗഭേദം, പ്രായം തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തി പൊതു അറിയിപ്പുകൾ പ്രസിദ്ധീകരിക്കുക. അന്വേഷണത്തിന്റെ പ്രതിമാസ പുരോഗതി റിപ്പോർട്ടുകൾ ഹൈകോടതിയിൽ സമർപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.