ബംഗളൂരു: മാലിന്യ സംസ്കരണത്തിനായി നഗരത്തിൽ 70 കസ കിയോസ്കുകൾ സ്ഥാപിക്കുമെന്ന് ബംഗളൂരു ഖര മാലിന്യ സംസ്കരണ വകുപ്പ് അധികൃതർ പറഞ്ഞു. പൗര കർമസേനക്ക് മാലിന്യം നൽകാൻ സാധിക്കാത്ത ആളുകൾക്ക് അഞ്ച് കോർപറേഷൻ പരിധികളിൽ സ്ഥാപിക്കുന്ന കസ കിയോസ്കിൽ മാലിന്യം നിക്ഷേപിക്കാം. സംസ്ഥാനത്ത് രണ്ട് ദശാബ്ദം മുമ്പേ തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നത് നിരോധിക്കുകയും വീട്ടുപടിക്കൽ വന്ന് മാലിന്യം ശേഖരിക്കുന്ന സംവിധാനം നടപ്പാക്കുകയും ചെയ്തിരുന്നു. അതിരാവിലെയെത്തുന്ന മാലിന്യ വണ്ടികളിൽ മാലിന്യം നൽകാൻ സാധിക്കാത്തവർക്കായി ബി.ബി.എം.പി 2018 ൽ സെമി അണ്ടർ ഗ്രൗണ്ട് ഡസ്റ്റ് ബിൻ സ്ഥാപിച്ചിരുന്നു. മാലിന്യക്കൂമ്പാരം നിറഞ്ഞുകവിഞ്ഞ് ദുർഗന്ധം വമിച്ച് തുടങ്ങിയതോടെ, അവ നീക്കി. 2018 ലാണ് ബംഗളൂരുവിലെ മുരുഗേഷ് പാളയയിൽ ആദ്യത്തെ കസ കിയോസ്ക് സ്ഥാപിച്ചത്. മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രാബല്യത്തിൽ വന്നില്ല. മാലിന്യ സംസ്കരണം നല്ല രീതിയിൽ നടക്കാത്ത സ്ഥലങ്ങളിലും മാലിന്യശേഖരണ ഓട്ടോകൾ കടന്നുവരാൻ സാധിക്കാത്ത സ്ഥലങ്ങളിലുമാണ് കസ കിയോസ്ക് സ്ഥാപിക്കുകയെന്നും മാലിന്യം കൈമാറാത്ത ആളുകൾ അവ തോന്നിയ ഇടങ്ങളിൽ വലിച്ചെറിയുന്നതിനാലുമാണ് മാലിന്യം കുമിഞ്ഞു കൂടുന്നതെന്നും ബംഗളൂരു ഖര മാലിന്യ സംസ്കരണ സി.ഇ.ഒ കരി ഗൗഡ പറഞ്ഞു. നഗരത്തിലെ അഞ്ച് കോർപറേഷൻ പരിധികളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരോടും മാലിന്യ കരാറുകാരോടും നിർദേശിച്ചു. മൂന്നു മാസത്തിനകം ഇവ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.