അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​

കെട്ടിവെക്കേണ്ടത് 60 ലക്ഷത്തോളം രൂപ; മഅ്ദനിയുടെ കേരളയാത്രക്ക് വിലങ്ങിട്ട് കർണാടക

ബംഗളൂരു: സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവുപ്രകാരം ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് കുരുക്കിട്ട് കർണാടക പൊലീസ്. മഅ്ദനിയുടെ കൂടെ അകമ്പടിക്കായി 20 പൊലീസുകാരെ നിയോഗിച്ച ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സി.എച്ച്. പ്രതാപ റെഡ്ഡി, 82 ദിവസത്തെ ഇവരുടെ ചെലവിലേക്കായി 60 ലക്ഷത്തോളം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് നിർദേശിച്ചു. 18 ശതമാനം ജി.എസ്.ടി തുകയായി 2.67 ലക്ഷവും സേവന നികുതിയായി 1.48 ലക്ഷവും ഇതിൽ ഉൾപ്പെടും. ഇതിന് പുറമെ, താമസവും ഭക്ഷണവും അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകൾ വഹിക്കണമെന്നും വാക്കാൽ നിർദേശം നൽകി. മൊത്തം ചെലവ് ഒരു കോടിയോടടുക്കും.

ജാമ്യത്തിൽ ഇളവ് അനുവദിച്ചുള്ള സുപ്രീംകോടതി ഉത്തരവിൽ ഇത്തരം കടുത്ത നിയന്ത്രണങ്ങൾ നിഷ്കർഷിക്കുന്നില്ല എന്നിരിക്കെ, മഅ്ദനിയുടെ കേരള യാത്ര തടസ്സപ്പെടുത്താനാണ് കർണാടക പൊലീസിന്റെ ശ്രമം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅ്ദനി വ്യക്തമാക്കി.

2017ൽ മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയപ്പോൾ ഒരാഴ്ചത്തേക്ക് പൊലീസിന്റെ ചെലവിനായി 18 ലക്ഷം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് കെട്ടിവെക്കേണ്ട തുക 1.18 ലക്ഷമാക്കി കുറച്ചിരുന്നു.

ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യാവസ്ഥ വഷളായതോടെ നാട്ടിൽ ചികിത്സ തുടരുന്നതിനും അസുഖബാധിതനായ പിതാവിനെ സന്ദർശിക്കുന്നതിനുമായാണ് ജാമ്യയിളവ് തേടിയത്. ജൂലൈ എട്ടു വരെയാണ് സുപ്രീംകോടതി ജാമ്യ ഇളവ് അനുവദിച്ചത്. കോടതി ഉത്തരവുമായി സിറ്റി പൊലീസ് കമീഷണറെ കണ്ട് മഅ്ദനിയുടെ യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകിയെങ്കിലും മഅ്ദനി താമസിക്കുന്ന സ്ഥലങ്ങൾ ഉന്നത പൊലീസ് സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചാലേ അനുമതി നൽകാനാവൂ എന്നാണറിയിച്ചത്.

ഏപ്രിൽ 19ന് കേരളത്തിലെത്തിയ കർണാടക പൊലീസ്, മഅ്ദനിയുടെ എറണാകുളത്തെ വസതിയിലും കൊല്ലം അൻവാശ്ശേരിയിലും പിതാവ് താമസിക്കുന്ന കുടുംബ വീട്ടിലും ഉമ്മയുടെ ഖബർസ്ഥാനിലും പരിശോധന നടത്തി 20ന് തിരിച്ചെത്തി റിപ്പോർട്ട് സമർപ്പിച്ചു. ആറു മുതിർന്ന ഉദ്യോഗസ്ഥരടക്കം അകമ്പടിയേകുന്ന 20 പൊലീസുകാരുടെ ചെലവിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തിങ്കളാഴ്ച രാത്രിയാണ് മഅ്ദനിക്ക് കമീഷണർ കത്ത് നൽകിയത്. കന്നഡയിലുള്ള കത്തിന്റെ ഇംഗ്ലീഷ് പകർപ്പ് ചൊവ്വാഴ്ച ഉച്ചയോടെയും കൈമാറി. ഏപ്രിൽ 17ന് കോടതി അനുകൂല വിധി നൽകിയിട്ടും നടപടിക്രമങ്ങളുടെ പേരിൽ കർണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്പ് നാലു തവണ കേരളത്തിൽ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നിൽ കർണാടക വെച്ചിരിക്കുന്നത്.

Tags:    
News Summary - 60 lakh rupees to be tied up; Madani's trip to Kerala is restricted to Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.