മംഗളൂരു: അധ്യയന വർഷം തുടങ്ങി മാസം പിന്നിട്ടിട്ടും ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ 55 ഗവ. സ്കൂളുകളിൽ ഒന്നാം ക്ലാസിൽ തീരെ കുട്ടികൾ പ്രവേശം നേടിയില്ലെന്ന് റിപ്പോർട്ട്.ദക്ഷിണ കന്നട ജില്ലയിൽ 24, ഉഡുപ്പി ജില്ലയിൽ 31 എന്നിങ്ങനെയാണ് സ്കൂളുകൾ.
ദക്ഷിണ കന്നട ജില്ലയിൽ താലൂക്കുകളിൽ സുള്ള്യ -എട്ട്, ബണ്ട്വാൾ - നാല്, ബെൽത്തങ്ങാടിയിലും മൂഡബിദ്രിയിലും - മൂന്നു വീതം, പുത്തൂർ, മംഗളൂരു നോർത്ത്, മംഗളൂരു സൗത്ത് എന്നിവിടങ്ങളിൽ രണ്ടു വീതം എന്നിങ്ങനെയാണ് കുട്ടികൾ ചേരാത്ത എൽ.പി സ്കൂളുകൾ. ഈനില തുടർന്നാൽ അടച്ചുപൂട്ടേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു.
ഉഡുപ്പിയിൽ കാർക്കളയിലും ബൈന്തൂരിലും ഒമ്പത് വീതം, കുന്താപുരം-അഞ്ച്, ഉഡുപ്പി, ബ്രഹ്മാവർ നാലു വീതം എന്നിങ്ങനെയാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകൾ. കുട്ടികളെ ചേർക്കാൻ ഇനിയും അവസരമുണ്ടെന്നും ജില്ലയിലെ എല്ലാ സ്കൂളുകളും ഇതിനായി കാത്തിരിക്കുകയാണെന്നും ദക്ഷിണ കന്നട ഡി.ഡി.പി.ഐ ആർ. ദയാനന്ദ് പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം ആകർഷിച്ച് രക്ഷിതാക്കൾ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉഡുപ്പി ഡി.ഡി.പി.ഐ ബി. ഗണപതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.