ബംഗളൂരു: സംസ്ഥാന സർക്കാറിന്റെ വിവിധ പോഷകാഹാര പദ്ധതികൾ ഉണ്ടെങ്കിലും ആറുമാസം മുതൽ ആറുവയസ്സ് വരെയുള്ള 4.79 ലക്ഷത്തിലധികം കുട്ടികൾ ഗുരുതര വളർച്ചാമുരടിപ്പിന് ഇരയാകുന്നതായി റിപ്പോർട്ട്. സർക്കാർ കണക്ക് പ്രകാരം കൂടുതൽ വളർച്ച മുരടിച്ച കുട്ടികളെ കണ്ടെത്തിയത് വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പ്രതിനിധാനം ചെയ്യുന്ന ജില്ലയായ ബെലഗാവിയിൽനിന്നാണ്. ബി.ജെ.പി എം.എൽ.സി ഹേമലത നായക്കിന്റെ നിയമസഭ ചോദ്യത്തിന് മറുപടിയായി ഹെബ്ബാൾക്കർ നൽകിയ കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരം.
സംസ്ഥാനത്തുടനീളമുള്ള അംഗൻവാടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത 32,29,644 കുട്ടികളിൽ 32,17,112 പേരുടെ ഉയരവും ഭാരവും പരിശോധിച്ചപ്പോൾ 4,79,931 പേർക്ക് ഗുരുതര മുരടിപ്പുള്ളതായി കണ്ടെത്തി. ബെലഗാവിയിൽ ഇത്തരത്തിൽ 50,522 കുട്ടികളുണ്ട്. വിജയപുര -46,434, കലബുറഗി -43,919, റായ്ച്ചൂർ -36,836, കോപ്പൽ -28,070, യാദ്ഗിർ -27,066, ചിക്കമംഗളൂരു -1,337, രാമനഗര- 2,264, ഹാസൻ -3,173, ദക്ഷിണ കന്നട -3,248, കുടക് -3,448, ഉഡുപ്പി -4,304 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ആറുമാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കായി പൂരക പോഷകാഹാരം, ആഴ്ചയിൽ രണ്ടുതവണ വേവിച്ച മുട്ട വിളമ്പൽ, ക്ഷീരഭാഗ്യ പദ്ധതി പ്രകാരം പാൽ വിളമ്പൽ എന്നിവ സർക്കാറിന്റെ പോഷകാഹാര പദ്ധതികളിൽപെടുന്നു.
ബല്ലാരി, ബിദാർ, കലബുറുഗി, യാദ്ഗിർ, റായ്ച്ചൂർ, ബെലഗാവി, ചിത്രദുർഗ, വിജയനഗര ജില്ലകളിൽ ചിഗുരു എന്ന പേരിൽ പുതിയ സംരംഭം അവതരിപ്പിച്ചിട്ടുമുണ്ട്. ഈ പരിപാടിയുടെ കീഴിൽ, ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളെ തിരിച്ചറിയുകയും ആവശ്യമായ ആരോഗ്യ പരിശോധനയും പോഷകസമൃദ്ധമായ ഭക്ഷണം വിതരണവുമുണ്ടെന്നും സർക്കാർ പറയുന്നു. രജിസ്റ്റർ ചെയ്ത അംഗൻവാടികളിൽ കുട്ടികളുടെ ഉയരവും ഭാരവും എല്ലാ മാസവും നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.