കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ (വലത്തേയറ്റം) സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വി. അൻപ്കുമാറിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്നു

ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുംവരെ പിന്മാറില്ല; വോട്ടർമാരെ വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: വോട്ടർമാരെ വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വി. അൻപ്കുമാറിന്റെ ഓഫിസിൽ കുത്തിയിരുന്നു. നിയമപരമായി തന്റെ പോരാട്ടത്തിലൂടെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ താൻ ഇവിടെ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റാൻ മുൻകൂട്ടി പൂരിപ്പിച്ച ഫോം-7 അപേക്ഷകൾ ശിവകുമാർ നേരത്തെ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ബി.ജെ.പി നേതാക്കളും പ്രവർത്തകരുമാണ് ഇവ കൂട്ടത്തോടെ ഫയൽ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ, എസ്‌.സി, എസ്.ടി വിഭാഗങ്ങളിൽ പെട്ട അർഹരായ വോട്ടർമാരെ ഒഴിവാക്കാനുള്ള വലിയ ക്രിമിനൽ ഗൂഢാലോചനയാണിതെന്നും കുറ്റപ്പെടുത്തി.

വോട്ടർപട്ടികയിലെ പേരുകൾ വെട്ടിമാറ്റാൻ വ്യാപകമായി ഫോം 7 അപേക്ഷകൾ നൽകിയെന്ന പരാതികളിൽ വിശദമായ കണക്കുകൾ നേരത്തേ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ അപേക്ഷകൾ നൽകിയ സംഭവങ്ങളിലും, മതിയായ കാരണങ്ങളോ നിർബന്ധിത വിവരങ്ങളോ ഇല്ലാതെയുള്ള അപേക്ഷകളിലും സമഗ്രമായ മണ്ഡലം തിരിച്ചുള്ള കണക്കുകൾ നൽകാൻ ചീഫ് ഇലക്ടറൽ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ചിട്ടയായ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും, വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടാനും വർഗീയവത്കരിക്കാനുമുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും, അതിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 1.08 കോടി വോട്ടർമാരെയാണ് സംസ്ഥാനത്ത് ‘സ്ഥലം മാറിയവർ, വിട്ടുപോയവർ, മരണപ്പെട്ടവർ, ഇരട്ടിപ്പുള്ളവർ’ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 65.45 ലക്ഷം പേർ സ്ഥലം മാറിയവരായും, 15.17 ലക്ഷം പേർ വിട്ടുപോയവരായും, 16.39 ലക്ഷം പേർ മരണപ്പെട്ടവരായും രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം കരട് വോട്ടർ പട്ടികയിൽ 43.6 ശതമാനത്തിന്റെ കുറവുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.