ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വക്കറ്റ് പി. ഉസ്മാന്
ബംഗളൂരു: മൗവ്വഞ്ചേരി മഹൽ ബംഗളൂരു ശാഖാ കമ്മിറ്റി ഏർപ്പെടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ ഹാജി സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനും എഴുത്തുകാരനുമായ അഡ്വ. പി. ഉസ്മാന്. സാമൂഹിക പ്രശ്നങ്ങളിൽ പ്രതിബദ്ധതയോടെ ഇടപെട്ട് നീതിക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
ഒക്ടോബർ മൂന്നിന് മൈസൂർ റോഡിലെ എം.എം.എ കർണാടക മലബാർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൗവ്വഞ്ചേരി മഹൽ സംഗമത്തിൽ പുരസ്കാരം സമ്മാനിക്കും. ബംഗളൂരുവിൽ ജോലി, കച്ചവടം, ഉപരിപഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തിയ മൗവ്വഞ്ചേരി മഹൽ നിവാസികളെയും കുടുംബങ്ങളെയും ഒരുമിച്ചുകൂട്ടിയാണ് മൗവ്വഞ്ചേരി മഹൽ സംഗമം സംഘടിപ്പിക്കുന്നത്. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് സംഗമത്തിൽ പ്രവേശനം. ഇതുവരെ ഏകദേശം 250 പേർ രജിസ്റ്റർ ചെയ്തതായി ശാഖാ പ്രസിഡന്റ് വി.സി. അബ്ദുൽ കരീം ഹാജി അറിയിച്ചു.
മഹൽ നിവാസികളായി ബംഗളൂരുവിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച 70 വയസ്സിന് മുകളിലുള്ള അഞ്ച് മുതിർന്ന വ്യക്തികളെയും പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കി സേവന രംഗത്തേക്ക് പ്രവേശിച്ച യുവതലമുറയെയും ചടങ്ങിൽ ആദരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സംഗമം രാത്രി പത്തിന് സമാപിക്കും. സംഗമത്തിന്റെ നിയന്ത്രണത്തിനായി പി.എം. മുഹമ്മദ് ബാവലി, സുബൈർ കായക്കോടി, മുഹമ്മദ് സിറാജ് ഹുദവി എന്നിവരെ യോഗം തെരഞ്ഞെടുത്തു. ടി.സി. സിറാജ് , കെ.കെ. സലീം, വി.സി. മുനീർ, ടി.സി. സാലി, കെ.കെ. ഷമീം, ടി.സി. ശബീർ, ഫസലുറഹ്‌മാൻ, ടി.സി. മുനീർ, പി. നസീർ, കെ.സി. അശ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.