മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം കെ.ആർ.എസ് അണക്കെട്ടിലെ ക്രസ്റ്റ് ഗേറ്റുകളിലൂടെ വെള്ളം തുറന്നുവിടുന്നു
ബംഗളൂരു: ജലനിരപ്പ് വൻതോതിൽ ഉയരുന്നതിനാൽ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം സ്ഥിതി ചെയ്യുന്ന കൃഷ്ണ രാജ സാഗർ അണക്കെട്ടിൽനിന്ന് 30,000 ക്യു സെക്സ് വെള്ളം തുറന്നുവിട്ടു. 1941 ജൂണിനുശേഷം ഇത്രയും ഭീമമായ തോതിൽ ആദ്യമാണിതെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അധികൃതർ അറിയിച്ചു. സാധാരണയായി ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത്.
ജൂൺ മാസത്തിൽ അണക്കെട്ട് നിശ്ചിത സമയത്തിന് മുമ്പ് നിറഞ്ഞത് ജലസേചനത്തിനായി കാവേരി വെള്ളം ആശ്രയിക്കുന്ന മാണ്ഡ്യ ജില്ലയിലെ കർഷക സമൂഹത്തിന് ആശ്വാസം പകരുന്നു. കാവേരി തടത്തിലും വൃഷ്ടിപ്രദേശങ്ങളിലും നല്ല മഴ ലഭിക്കുന്നതിനാൽ, അടുത്ത കുറച്ച് ദിവസങ്ങളിൽ ജലസംഭരണി നിറയുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 35 വർഷത്തിനിടെ (1990 മുതൽ) രണ്ടാം തവണയാണ് ഈ വർഷം മേയ് 30ന് കെ.ആർ.എസ് അണക്കെട്ട് 100 അടിയിലെത്തിയത്. 2022 മേയ് 11ന് അണക്കെട്ട് 100 അടിയിലെത്തി. സാധാരണയായി ജൂൺമുതൽ ജൂലൈവരെയുള്ള കാലയളവിൽ മാത്രമേ അണക്കെട്ട് 100 അടിയിലെത്തുകയുള്ളൂ. എന്നാൽ ഈ വർഷം അത് ഏതാണ്ട് നിറഞ്ഞു കവിഞ്ഞതിനാൽ അണക്കെട്ടിന്റെ സുരക്ഷക്കായി മുൻകരുതൽ നടപടിയായി അധിക വെള്ളം നദിയിലേക്ക് തുറന്നുവിടുന്നു.
കാവേരി നദീതടത്തിലും കുടകിലെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ പെയ്തതിനെത്തുടർന്നാണ് കെ.ആർ.എസ് അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നത്. ജലനിരപ്പ് ക്രമാതീതമായി വർധിക്കുന്നതിനാൽ ഇത് 50,000 ക്യുസെക്സ് ആയി ഉയരാൻ സാധ്യതയുണ്ടെന്ന് സി.എൻ.എൻ.എൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും അവരുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ മുൻകരുതലുകളെടുക്കണമെന്നും അഭ്യർഥിച്ചു.
കാവേരി നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ബാലമുരി, എടമുരി, ത്രിവേണി സംഗമം, ഗോസായി ഘട്ട് എന്നിവയുൾപ്പെടെ എല്ലാ നദീതീര പ്രദേശങ്ങളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം ശ്രീരംഗപട്ടണ തഹസിൽദാർ പരശുറാം സതിഗേരി നിരോധിച്ചു.
നിമിഷാംബ ക്ഷേത്രത്തിലെയും ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് സമീപത്തെയും കുളിക്കടവുകളും അടച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രശസ്തമായ രംഗനത്തിട്ട് പക്ഷിസങ്കേതത്തിലെ ബോട്ടിങ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. എന്നാൽ കാഴ്ചക്കായി വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കെ.ആർ.എസ് അണക്കെട്ടിൽനിന്നുള്ള ജലപ്രവാഹം 90,000 മുതൽ ഒരു ലക്ഷം ക്യൂസെക്സ് കവിയുന്നില്ലെങ്കിൽ വന്യജീവി സങ്കേതം സുരക്ഷിതമായി തുടരുമെന്ന് അധികൃതർ പറയുന്നു. ജലനിരപ്പ് അത്രയും എത്തിയാൽ സന്ദർശകർക്ക് സങ്കേതം പൂർണമായി അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.