കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​രു​മാ​ലി​ൽ ഡോ. ​ഉ​ദ​യ സു​കു​മാ​ര​ന് മേ​യ​ർ

എ.​കെ. ഹ​ഫീ​സ് സ​ത്യ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

പ്രീഡിഗ്രി ക്ലാസ് റെപ്പിൽ നിന്ന് മേയർ ഗൗണിലേക്ക്

കൊല്ലം: പുതിയ കറുത്ത ഗൗൺ അണിഞ്ഞ് എ.കെ. ഹഫീസ് എന്ന കോൺഗ്രസ് നേതാവ് കൊല്ലത്തിന്‍റെ മേയർ കസേരയിൽ ഇരിപ്പുറപ്പിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രം. മുനിസിപ്പാലിറ്റി കാലം കഴിഞ്ഞ് കോർപറേഷൻ പിറന്ന ശേഷം ഒരു യു.ഡി.എഫുകാരനും സ്വപ്നം കാണാൻ കഴിയാതിരുന്ന സ്വപ്നനേട്ടം എന്ന ചരിത്രനിയോഗമാണ് 63കാരനായ തൊഴിലാളി നേതാവിന് വന്നുചേർന്നത്.

കൊല്ലം കോർപറേഷൻ ഓഫിസിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള എസ്.എൻ കോളജ് കാമ്പസിലെ പഴയ പ്രീഡിഗ്രി ക്ലാസ് റെപ്രസന്‍റീവിൽ നിന്ന് നഗരത്തിന്‍റെ പിതാവായുള്ള വളർച്ചയിൽ എ.കെ. ഹഫീസ് എന്ന രാഷ്ട്രീയനേതാവിന്‍റെ ഉയർച്ചയുടെ പൂർണതകൂടിയുണ്ട്.

എ.കെ. ഹഫീസ് മേയർ സ്ഥാനാർഥി എന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി ഞെട്ടിച്ച യു.ഡി.എഫ്, കൊല്ലം കോർപറേഷൻ പിടിച്ച് വൻ ചരിത്രം രചിച്ചപ്പോൾ താമരക്കുളത്ത് നിന്ന് രണ്ടാം തവണ വിജയം കുറിച്ച് എത്തിയ എ.കെ. ഹഫീസ് എന്ന നായകന് പിന്നിൽ മുന്നണി ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയായിരുന്നു. 27 യു.ഡി.എഫ് കൗൺസിലർമാരുടെ പിന്തുണ കൂടാതെ എസ്.ഡി.പി.ഐ കൗൺസിലറുടെ പിന്തുണ കൂടി നേടിയാണ് മേയർ കസേരയിലേക്കുള്ള പാത എ.കെ. ഹഫീസ് പിന്നിട്ടത്.

വെള്ളിയാഴ്ച രാവിലെ നടന്ന മേയർ തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ നേരത്തെ തന്നെ യു.ഡി.എഫ് പ്രവർത്തകർ കോർപറേഷൻ ഓഫിസിൽ എത്തിയിരുന്നു. കോർപറേഷൻ കോമ്പൗണ്ടിൽ നിറഞ്ഞ ത്രിവർണ അലങ്കാരവും എങ്ങും കണ്ട ഖദർ കുപ്പായധാരികളും അധികാരമാറ്റത്തിന്‍റെ ചിത്രം വരച്ചുകാട്ടി. രാവിലെ തന്നെ പായസം ഒരുക്കിയും മാലപ്പടക്കം ഉൾപ്പെടെ ക്രമീകരിച്ചും പ്രവർത്തകർ കാത്തിരുന്ന നിമിഷമെത്താൻ ഉച്ചയായിരുന്നു.

കോൺഗ്രസിനെതിരെ സി.പി.എമ്മും ബി.ജെ.പിയും മേയർ സ്ഥാനാർഥികളെ രംഗത്തിറക്കി. സി.പി.എമ്മിന്‍റെ പി.ജെ. രാജേന്ദ്രനും ബി.ജെ.പിയുടെ ടി.ജി. ഗിരീഷും ആണ് മത്സരിച്ചത്. എ.കെ. ഹഫീസിനെ ആർ.എസ്.പി കൗൺസിലർ എം.എസ്. ഗോപകുമാർ നോമിനേറ്റ് ചെയ്തപ്പോൾ മുസ്ലിം ലീഗ് കൗൺസിലർ സദക്കത്ത് പിന്താങ്ങി. സി.പി.ഐയുടെ സുജ പി.ജെ. രാജേന്ദ്രനെ നോമിനേറ്റ് ചെയ്തു. സി.പി.എമ്മിന്‍റെ എ.എം. മുസ്തഫ പിന്താങ്ങി. ടി.ജി. ഗിരീഷിനെ ടി.ആർ. അഭിലാഷ് നോമിനേറ്റ് ചെയ്തപ്പോൾ ശശികല റാവു പിന്താങ്ങി.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗത്തിന്‍റെ വോട്ട് ഉൾപ്പെടെ 28 വോട്ടുകൾ എ.കെ. ഹഫീസിന് ലഭിച്ചു. പി.ജെ. രാജേന്ദ്രൻ 16 വോട്ട് നേടിയപ്പോൾ 12 വോട്ട് നേടിയ ടി.ജി. ഗിരീഷ് പുറത്തായി. അന്തിമഘട്ട തെരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി കൗൺസിലർമാരും എസ്.ഡി.പി.ഐ കൗൺസിലറും വിട്ടുനിന്നു.

വോട്ട് രേഖപ്പെടുത്താതെ ഇവർ ബാലറ്റ് നിക്ഷേപിച്ചത് അസാധുവായി വരണാധികാരിയായ കലക്ടർ എൻ. ദേവിദാസ് പ്രഖ്യാപിച്ചു. പി.ജെ.രാജേന്ദ്രൻ 16 വോട്ട് വീണ്ടും നേടിയപ്പോൾ 27 വോട്ട് നേടിയായിരുന്നു എ.കെ. ഹഫീസിന്‍റെ വിജയം. വിജയം പ്രഖ്യാപിച്ചതോടെ ആവേശത്തിലായ യു.ഡി.എഫ് പ്രവർത്തകരുടെ തള്ളിക്കയറ്റമായിരുന്നു കൗൺസിൽ ഹാളിൽ കണ്ടത്.

Tags:    
News Summary - kollam Corporation new mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.