ജില്ലയിൽ കനത്ത മഴ; വെള്ളപ്പൊക്കം, നിരവധി വീടുകളിൽ വെള്ളം കയറി അരുവിക്കരയിലെ അഞ്ച്​ ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം: കാലവർഷം വരും മുമ്പ് പെയ്ത അതിശക്തമായ വേനൽമഴയിൽ തലസ്ഥാനത്ത് വെള്ളപ്പൊക്കം. കിഴക്കൻമേഖലയായ ആര്യനാട് മേത്തോട്ടത്ത് വെള്ളപ്പാച്ചിലുണ്ടായി. ഉരുൾപൊട്ടലാണെന്ന് പറയപ്പെടുന്നെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചില്ല. പെരുമഴയിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. അരുവിക്കര അണക്കെട്ടിൻെറ അഞ്ച് ഷട്ടറും തുറന്നുവിട്ടു. കരമനയാറും കിള്ളിയാറും വാമനപുരം നദിയും കരകവിഞ്ഞൊഴുകി സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കയറുകയായിരുന്നു. തലസ്ഥാനനഗരത്തിലെ ബണ്ട് റോഡ്, ചാല, അട്ടക്കുളങ്ങര, എസ്.എസ് കോവിൽ റോഡ് എന്നിവിടങ്ങളിലും നെടുമങ്ങാടും അടക്കം നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെമ്പാടും മഴ നാശം വിതച്ചു. കാലവർഷത്തിലും തുലാവർഷത്തിലുമല്ലാതെ വേനൽമഴയിൽതന്നെ വെള്ളപ്പൊക്കമുണ്ടായതിൽ കടുത്ത ആശങ്കയിലാണ് തലസ്ഥാനം. ആര്യനാട് മേത്തോടത്ത് സ്കൂളിന് സമീപമാണ് വെള്ളപ്പാച്ചിലുണ്ടായത്. ആളപായമില്ല. തൊട്ടടുത്ത് വീടുകളുണ്ടായിരുന്നില്ല. വെള്ളവും മണ്ണും കുത്തിയൊഴുകി വലിയ ചാലുകൾ പ്രദേശത്ത് രൂപപ്പെട്ടു. ആര്യാനാട്, കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട്, പറേണ്ടാട്, കുറ്റിച്ചൽ തുടങ്ങി ജില്ലയിലെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് കഴിഞ്ഞരാത്രി ഉണ്ടായത്. ജില്ലയിലെ നദികളുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ഇതോടെ ഇൗ നദികളിലെയും നീർചാലുകളിലെയും ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. നഗരത്തിൽ വെള്ളമെത്തിക്കുന്ന അരുവിക്കര ഡാം രാത്രിതന്നെ നിറഞ്ഞു. പുലർച്ച രണ്ടോടെയാണ് ഷട്ടറുകൾ തുറന്നത്. നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും ഒരെണ്ണം 1.5 മീറ്ററുമാണ് തുറന്നത്. ഷട്ടറുകൾ തുറന്നുവിട്ടതോടെ നദിയുടെ താഴ്ഭാഗത്തേക്ക് കുതിച്ചൊഴുകിയതോടെ ജലനിരപ്പ് അതിവേഗം ഉയർന്നു. താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കരമന, ജഗതി അടക്കം നദിയുടെ വശത്തിലുള്ള വീടുകളിൽ വെള്ളം കയറി. വലിയ വീടുകൾ നിലനിൽക്കുന്ന റസിഡൻഷ്യൽ കോളനിയുടെ റോഡുകൾ പുഴയായി ഒഴുകി. വീടുകളുടെ ഒന്നാം നിലയുടെ പകുതിയോളം മുങ്ങിയപ്പോൾ വീട്ടുസാധനങ്ങൾ മുകളിലെ നിലയിലേക്ക് കയറ്റുകയായിരുന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരല്ലി തമ്പുരാൻ ക്ഷേത്രം മേൽക്കൂരവരെ വെള്ളം കയറി. ഗ്രാമീണ മേഖലയിലടക്കം കടകളിൽ വെള്ളം കയറി. കരിമഠം കോളനിയും വെള്ളത്തിൽ മുങ്ങി. ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. വീടുകളുടെ മുകളിലും മരം വീണു. മഴയിൽ വീടുകൾ നിലംപൊത്തി. ഏക്കർ കണക്കിന് കൃഷി നശിച്ചു. ജില്ലയിലെ നാശനഷ്ടത്തിൻെറ കണക്കുകൾ എടുത്തുവരികയാണ്. പ്രളയബാധിത പ്രദേശങ്ങൾ കലക്ടർ കെ. ഗോപാലകൃഷ്ണൻ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.