വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താൻ യു.ഡി.എഫും പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും. തമ്മിലുള്ള മത്സരത്തിന് ചൂടേറുന്നു. പഞ്ചായത്തിലെ ചില ഭാഗങ്ങളിലെങ്കിലും സ്വാധീനമുള്ള ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. 16 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ പുനക്രമീകരണം കഴിഞ്ഞതോടെ 18 ആയി വർധിച്ചു. എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുന്നു.
എല്‍.ഡി.എഫിൽ 12 വാര്‍ഡുകളില്‍ സി.പി.എമ്മും ആറ് വാര്‍ഡില്‍ സി.പി.ഐയും ആണ് രംഗത്ത്. യു.ഡി.എഫിന്റെ ഭാഗമാണങ്കിലും ഒരു വാർഡിൽ മുസ്ലിം ലീഗും രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. മൂന്ന് മുന്നണികളിലെ സ്ഥാനാർഥികൾ ഏറെയും യുവാക്കളാണെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ഭരണസമിതിയില്‍ യു.ഡി.എഫ് -എട്ട്, എല്‍.ഡി.എഫ് -അഞ്ച്, ബി.ജെ.പി -ഒന്ന്, സ്വതന്ത്രർ -രണ്ട് എന്നതാണ് കക്ഷിനില. സ്വതന്ത്രരായി ജയിച്ചവര്‍ അടുത്തകാലത്ത് യു.ഡി.എഫിന്റെ ഭാഗമായി. 1962ലാണ് നെല്ലനാട് പഞ്ചായത്ത് രൂപീകരിച്ചത്. 64 വരെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കീഴിലായിരുന്നു ഭരണം.
1964ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിയാണ് വിജയിച്ചത്. 16 വർഷം ഈ ഭരണ സമിതി തുടര്‍ന്നു. 1979ല്‍ ആയിരുന്നു അടുത്ത തിരഞ്ഞെടുപ്പ്. സി.പി.എമ്മും കോണ്‍ഗ്രസ് പാര്‍ട്ടി രണ്ട് തട്ടിലുമായി നിന്ന് മത്സരിച്ചു. ഇന്ദിരാഗാന്ധി നേതൃത്വം കൊടുത്ത കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന് മത്സരിച്ചവര്‍ ആണ് വിജയിച്ചത്. 1988ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിഘടിച്ച് നിന്ന കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒന്നായി ഒരു ഭാഗത്തും സി.പി.എമ്മും തമ്മിലായിരുന്നു മത്സരം. കോണ്‍ഗ്രസിനായിരുന്നു വിജയം. 1995ലും 2000ലും നടന്ന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു.
2005ല്‍ സി.പി.എം അട്ടിമറി വിജയം നേടി. തുടര്‍ന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെയാണ് നാട്ടുകാര്‍ പിന്തുണച്ചത്. ആ വിജയം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമായിട്ടാണ് പുതുതലമുറ നേതാക്കള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഏത് വിധേനയും ഭരണം നിലനിര്‍ത്താന്‍ വേണ്ട പരിശ്രമത്തിലാണ് അവര്‍. നിരന്തര പരാജയങ്ങള്‍ക്കൊടുവില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.