പാലക്കാട്: ജില്ലയിൽ ബുധനാഴ്ച ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽനിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽനിന്ന് വന്ന നാലുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽനിന്ന് വന്നവരിൽ കൊല്ലങ്കോട്, ആനമാറി സ്വദേശി (38), ആലത്തൂർ കാവശ്ശേരി സ്വദേശി (27), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49) എന്നിവരും മഹാരാഷ്ട്രയിൽനിന്ന് വന്നവരിൽ രണ്ട് പനമണ്ണ സ്വദേശികളും (45, 42 വയസ്സുള്ളവർ) രണ്ട് തൃക്കടേരി സ്വദേശികളും (39, 50 വയസ്സുള്ളവർ) ആണ് ഉൾപ്പെടുന്നത്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 20 പേരായി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്. ചെന്നൈയിൽനിന്ന് വന്ന കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികൾ മേയ് 17ന് വൈകീട്ട് 5.30നാണ് വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയത്. ഇവർക്ക് ചെന്നൈയിൽവെച്ചുതന്നെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും നിരീക്ഷണത്തിൽ ഇരിക്കാൻ നിർദേശം നൽകിയിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് ചെക്ക്പോസ്റ്റിലെ അധികൃതർക്ക് വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഇവരെ അന്നേദിവസംതന്നെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മേയ് 18ന് വീണ്ടും സാമ്പിൾ പരിശോധനക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവർ മേയ് 17ന് പാലക്കാട് വെച്ച് രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിയുടെ കൂടെ ചെന്നൈയിൽ താമസിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇവർ രണ്ടുപേരും ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മഹാരാഷ്ട്രയിൽനിന്ന് എത്തിയ നാലുപേർ മേയ് 13ന് പുലർച്ചെ അവിടെനിന്ന് പോരുകയും തലപ്പാടി ചെക്ക് പോസ്റ്റ് വഴി മേയ് 14ന് പുലർച്ച കേരളത്തിൽ എത്തുകയുമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.