കായികാധ്യാപകന്​ കിംസിൽ അവയവമാറ്റ ശസ്​ത്രക്രിയ

Advt തിരുവനന്തപുരം: കായിക അധ്യാപകനായ 29 വയസ്സുള്ള പോത്തൻകോട് സ്വദേശിക്ക് കിംസ് ആശുപത്രിയിൽ വിജയകരമായി കരളും വൃക്കയും മാറ്റിവെച്ചു. കരളിൽനിന്ന് ഉൽപാദിപ്പിക്കുന്ന എൻസൈമിലെ തകരാർ മൂലമുള്ള ഹൈപ്പർ ഓക്സലുറിയ എന്ന രോഗവുമായാണ് ഇദ്ദേഹം കഴിഞ്ഞ വർഷം ആശുപത്രിയിൽ വന്നത്. ജനിതകമായി കാണപ്പെടുന്ന ഈ രോഗം മൂലം ചെറുപ്രായത്തിൽ തന്നെ ഇദ്ദേഹത്തിന് വൃക്കകളിൽ കല്ല് രൂപപ്പെട്ടതിനാൽ ദീർഘകാലമായി ചികിത്സയിലുമായിരുന്നു. ഹൈപ്പർ ഓക്സലുറിയ എന്ന രോഗാവസ്ഥയിൽ ശരീരത്തിൽ ഓക്സല്ലേറ്റ് ഘടകം കൂടുകയും അവ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിൽ ആക്കുകയും ചെയ്യും. വിദഗ്ധ പരിശോധനയിൽ രണ്ടു വൃക്കകളുടെയും പ്രവർത്തനം പൂർണമായും തകരാറിലായി എന്ന് കണ്ടെത്തി. എന്നാൽ, കരൾ കൂടി മാറ്റിവെക്കാതെ വൃക്ക മാറ്റിവെക്കൽ സാധ്യമായിരുന്നില്ല. വൃക്ക മാറ്റിവെച്ചാലും കരളിലെ എൻസൈം ഉൽപാദനത്തിലെ തകരാർ മൂലം ഭാവിയിൽ പുതിയ വൃക്കയും തകരാറിലാകാൻ സാധ്യതയുണ്ടായിരുന്നതിനാലാണ് കരൾ മാറ്റിവെക്കൽ ആവശ്യമായിരുന്നത്. തിരുവനന്തപുരത്തുണ്ടായ അപകടത്തിൽ മരിച്ചയാളുടെ കരളും വൃക്കയും മൃതസഞ്ജീവനി പദ്ധതിയിലൂടെ ലഭ്യമാകുകയും 14 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ വിജയകരമായി മാറ്റിവെക്കുകയായിരുന്നു. ലോക്ഡൗൺ കാലയളവിൽ അവയവമാറ്റിവെക്കൽ പോലെയുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ ചെയ്യുന്നത് ജനങ്ങളിൽ വളരെയധികം ആത്മവിശ്വാസം ഉണ്ടാക്കാൻ സഹായിക്കുമെന്ന് കിംസ് ചെയർമാൻ ഡോ. എം.ഐ. സഹദുല്ല പറഞ്ഞു. ഡോ. ഷബീർ അലി, ഡോ. പ്രവീൺ മുരളീധരൻ, ഡോ. രേണു തോമസ്, ഡോ. സതീഷ്, ഡോ. മനോജ്.കെ, ഡോ. മധു ശശിധരൻ, ഡോ. ബദരിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സയും ശസ്ത്രക്രിയയും നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.