വക്കം മൗലവിക്ക് ജന്മ​ ഗ്രാമത്തിൽ സ്മാരക ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: സ്വദേശാഭിമാനി പത്രത്തിൻെറ സ്ഥാപകനും കേരളീയ നവോത്ഥാനത്തിൻെറ സാമൂഹിക സാംസ്‌കാരിക ചലനങ്ങള്‍ക്ക് ദിശാബോധം നൽകുകയും ചെയ്ത വക്കം മൗലവിക്ക് സ്വന്തം ദേശത്ത് സ്മാരകം ഒരുക്കും. വക്കം കേന്ദ്രമായാണ് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രവർത്തിക്കുക. ബി.ആര്‍.പി. ഭാസ്‌കര്‍, രാജന്‍ ഗുരുക്കള്‍, പി.കെ. മൈക്കിള്‍ തരകന്‍, സാറാ ജോസഫ്, ബി. ഇഖ്ബാല്‍, ഇര്‍ഫാന്‍ എൻജിനീയര്‍, എം.എന്‍. കാരശ്ശേരി, ഷാജഹാന്‍ മാടമ്പാട്ട്, മുഹമ്മദ് സയ്യദ്, എ.കെ. സുഹൈര്‍ എന്നിവര്‍ രക്ഷാധികാരികളും പ്രഫ. എം. താഹിര്‍ (പ്രസി.), സബീന്‍ ഇക്ബാല്‍ (വൈസ് പ്രസി.), സമീര്‍ എം. (സെക്ര.), നഹാസ് അബ്ദുല്‍ ഹഖ് (ജോ. സെക്ര.), ഷഹീന്‍ നദീം (ട്രഷ.) എന്നിവര്‍ പ്രവര്‍ത്തന സമിതിയംഗങ്ങളുമായി ഭരണസമിതി രൂപവത്കരിച്ചു. ഡോ. രവിരാമന്‍ (സംസ്ഥാന പ്ലാനിങ് ബോര്‍ഡ്), ഡോ. അയ്യൂബ് (സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍), പ്രഫ. എ.കെ. രാമകൃഷ്ണന്‍ (ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല), പ്രഫ. കെ.എം. സീതി (മഹാത്മാഗാന്ധി സര്‍വകലാശാല), ശിവാനന്ദന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി 2022-2023ല്‍ വക്കം മൗലവിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചു. മൗലവിയുടെ സംഭാവനകള്‍ സ്മരിക്കാനും വര്‍ത്തമാനകാല സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍ പഠിക്കാനുമായി ആധുനിക ഗവേഷണകേന്ദ്രം സ്ഥാപിക്കാനും സമിതി നടപടികള്‍ തുടങ്ങി. നവോത്ഥാന നായകരുടെ രചനകളും പ്രഭാഷണങ്ങളും മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളും സമാഹരിച്ച് ഒരു ഡിജിറ്റല്‍ ആര്‍കൈവ്‌സും സജ്ജമാക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ 28നു വക്കം മൗലവി സ്മാരക പ്രഭാഷണം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ പ്രഫ. എം. താഹിര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.