പിണറായി വിജയന് ഇപ്പോൾ ശുക്രദശ -വെള്ളാപ്പള്ളി നടേശൻ

പേരൂർക്കട(തിരുവനന്തപുരം): മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞവർഷം ഇതേസമയം ശനിദശയായിരുന്നെന്നും എന്നാൽ ഇപ്പോൾ ശുക്രദശയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 85 വർഷം പിന്നിടുന്ന എസ്.എൻ.ഡി.പി പേരൂർക്കട ശാഖയുടെ വാർഷികാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പിണറായിയെ കൊത്തിക്കീറാൻ നടന്ന പലരും ഇന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചുനിൽക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൻെറ പേരിൽ പ്രബലരായ രാഷ്ട്രീയ നേതാക്കളെയും ജാതിമത നേതാക്കളെയും ഒരുമേശക്ക് ചുറ്റും ഇരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനാധിപത്യം മതാധിപത്യത്തിലേക്ക് മാറിയിരിക്കുകയാണ്. ആദർശരാഷ്ട്രീയവും മരിച്ചു. അവസരവാദരാഷ്ട്രീയം തലപൊക്കിയിരിക്കുകയാണ്. രാജഭരണകാലത്ത് ലഭിച്ച നീതി ഇന്ന് ജനാധിപത്യത്തിൽ പാലിക്കുന്നുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി നേതാക്കന്മാർക്ക് സമുദായത്തിലുള്ളവർ വലിയ പൂമാലകൾ നൽകിയ ചരിത്രമില്ല. കുമാരനാശാൻ എട്ടുചക്രം മോഷ്ടിച്ചെന്ന് ആരോപിച്ച് ഷഷ്ടിപൂർത്തിമന്ദിരത്തിൻെറ അടിത്തറ മാന്തിനോക്കാൻ ശ്രമിച്ചവരാണ് സമുദായക്കാർ. ആർ. ശങ്കർ ജീവിച്ചിരുന്നപ്പോൾ മഹാപാപിയെന്ന് വിളിച്ചു. എന്നെ 2000 കോടി മോഷ്ടിച്ചവനെന്ന് ആരോപിച്ചു. എസ്.എൻ.ഡി.പിയെ സംബന്ധിച്ച ചെറിയ വിഷയങ്ങൾ പോലും പുറത്ത് വലിയ വിവാദങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേരൂർക്കട കൗസ്തുഭം ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷ പൊതുസമ്മേളനത്തിൽ യൂനിയൻ പ്രസിഡൻറ് ഉപേന്ദ്രൻ കോൺട്രാക്ടർ അധ്യക്ഷനായിരുന്നു. അനീഷ് ദേവൻ, കെ.എ. ബാഹുലേയൻ, ഡോ. ബി.എസ്. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പത്രാധിപർ സുകുമാരൻ സ്മാരക യൂനിയൻ പ്രസിഡൻറ് ഡി. പ്രേംരാജ് മുഖ്യാതിഥിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.