ഡിജിറ്റൽ വെളിച്ചത്തിൽ കാണാം, മറുനാട്ടിലെ ​മലയാളി സ്​പന്ദനങ്ങൾ

തിരുവനന്തപുരം: പ്രവാസലോകത്തെ മലയാളി സ്പന്ദനങ്ങളുടെ നേർക്കാഴ്ചയൊരുക്കിയും വൈകാരിക ഭാവങ്ങൾ ഒപ്പിയെടുത്തും മൾട്ടി മീഡിയ ചിത്ര പ്രദർശനം. ലോക കേരളസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിലാണ് പ്രദർശനം നടക്കുന്നത്. അതിജീവനം സ്വപ്നം കണ്ട് മലയാളികൾ ആദ്യം ഗൾഫിലേക്ക് കുടിയേറുന്നത് പത്തേമാരികളിലാണ്. ഇൗ പത്തേമാരികൾ ചെന്നെത്തിയ യു.എ.ഇയിലെ ഖോർ ഫഖാർ തുറമുഖത്തിൻെറ ആകാശക്കാഴ്ചയോടെയാണ് പ്രദർശനം ആരംഭിക്കുന്നത്. ഖത്തറിലെ പഴയകാല ഒട്ടകച്ചന്തയുടെ ദൃശ്യം, ഖത്തർ ദേശീയ ദിനത്തിൽ ഖത്തർ ഭരണാധികാരിയുടെ ചിത്രം പകർത്തുന്ന മലയാളികൾ, ഹജ്ജ് വേളയിലെ മലയാളി വളൻറിയർമാർ എന്നിവയെല്ലാം പ്രദർശനത്തിലെ വേറിട്ട കാഴ്ചയാണ്. ഒമാനിലെ പാർക്കിങ് ലോട്ടിലെ അവധിദിന വിനോദത്തിലേർപ്പെടുന്ന പ്രവാസികളുടെ ചിത്രമാണ് വ്യത്യസ്തമായ മറ്റൊന്ന്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ളവർ ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതാണ് ചിത്രം. ഒമാൻ സന്ദർശനവേളയിൽ ഒമാനി വേഷത്തിൽ ഇരിക്കുന്ന അമിതാഭ് ബച്ചനും കുവൈത്ത് സന്ദർശനത്തിനെത്തിയ ഇന്ദിരാഗാന്ധിയും സൗദിയിലെ ഉയൈനയിലെ ജിർജിർ വിളയിക്കുന്ന മലയാളികളുമെല്ലാം പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അറേബ്യൻ തീൻ മേശയിലെ പ്രധാന ഘടകമാണ് ജിർജിർ. ഖത്തറിൻെറ വളർച്ചയെ 1971ലെയും ഇപ്പോഴത്തെയും ചിത്രങ്ങളുടെ താരതമ്യത്തിൽ പ്രദർശനം ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം സൗദിയുടെ പുരോഗതിയും 1980ലെയും നിലവിലെയും ചിത്രങ്ങളിലൂടെ പ്രദർശനം കാട്ടിത്തരുന്നു. മസ്കത്തിൽ നടന്ന ലോകക്കപ്പ് യോഗ്യത മത്സരത്തിന് ശേഷം ഒമാൻ ഗോൾകീപ്പർ ഹബ്സിയും ഇന്ത്യൻ ഗോൾകീപ്പർ ഹർപ്രീത് സിങ്ങും ജഴ്സി കൈമാറുന്ന ചിത്രവും കായികലോകത്തെ ഇരു രാജ്യങ്ങളുടെ വൈകാരികബന്ധത്തിൻെറ അടയാളപ്പെടുത്തലാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.