കഴക്കൂട്ടം: പരിസ്ഥിതിത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം സാമൂഹികശാസ്ത്രജ്ഞര്‍ പുനഃപരിഗണിക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 45ാമത് അഖിലേന്ത്യ സാമൂഹികശാസ്ത്ര സമ്മേളനം വെള്ളിയാഴ്ച കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റി പ്രസിഡൻറ് പ്രഫ. ആര്‍. ഇന്ദിര അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി. മഹാദേവന്‍പിള്ള പ്രത്യേക പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാനും സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റി ഡീന്‍ ഡോ. ഷാജി വര്‍ക്കിയും സംസാരിച്ചു. സാമൂഹികശാസ്ത്രമേഖലയിലെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം എം.ഡി സര്‍വകലാശാലയിലെ (ഹരിയാണ) പ്രഫ. ബി.കെ. നാഗ്‌ളയ്ക്ക് ഗവര്‍ണര്‍ നൽകി. മികച്ച പ്രബന്ധങ്ങള്‍ക്കുള്ള എം.എന്‍. ശ്രീനിവാസ് സ്മാരക പുരസ്‌കാരങ്ങള്‍ ബംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാലയിലെ ഡോ. സുധാംശുബാല സാഹുവും പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഡോ. ആര്‍. ശരവണരാജയും ഏറ്റുവാങ്ങി. കേരള സര്‍വകലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് മേധാവിയും സമ്മേളനത്തിൻെറ സംഘാടക സെക്രട്ടറിയുമായ ഡോ. ആൻറണി പാലയ്ക്കല്‍ സ്വാഗതവും ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റി സെക്രട്ടറി ഡോ. ഡി.ആര്‍. സാഹു നന്ദിയും പറഞ്ഞു. പരിസ്ഥിതി, സംസ്‌കാരം, വികസനം: വ്യവഹാരങ്ങളും പാരസ്പര്യവും എന്നതാണ് മൂന്നുദിവസത്തെ സമ്മേളനത്തിൻെറ പൊതുവിഷയം. ശാസ്ത്രസാങ്കേതിക വെല്ലുവെളികളും കേരളത്തിൻെറ പുനര്‍നിർമിതിയും എന്ന വിഷയത്തില്‍ സിമ്പോസിയം സമ്മേളനത്തിൻെറ ഭാഗമായുണ്ട്. കേരള സര്‍വകലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് അതിൻെറ സുവര്‍ണജൂബിലി വേളയിലാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.