'സമാശ്വാസം 2019'; ലൈഫ് മിഷനിൽനിന്ന് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയാല്‍ നടപടി -കലക്ടര്‍

കൊല്ലം: സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍നിന്ന് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കൊട്ടാരക്കര താലൂക്ക് ഓഫിസില്‍ നടന്ന പരാതി പരിഹാര അദാലത്തിലാണ് തീരുമാനം. വീടിന് അര്‍ഹതയുള്ളവരെ ഒഴിവാക്കുന്നതായി ഒട്ടേറെ പരാതികള്‍ വന്ന സാഹചര്യത്തില്‍ പരാതി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ലൈഫ് അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷൻെറ ശോച്യാവസ്ഥ പരിഹരിക്കാന്‍ തഹസില്‍ദാരെയും ശുചിമുറി നിര്‍മാണം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പടുത്തുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയറെയും ചുമതലപ്പെടുത്തി. പൂവറ്റൂരില്‍ സ്വകാര്യ വ്യക്തി റോഡ് ൈകയേറി മതില്‍ കെട്ടുെന്നന്ന പരാതി പരിശോധിക്കാന്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂമി ൈകയേറ്റം, റോഡുകളുടെ ശോച്യാവസ്ഥ, വഴിത്തര്‍ക്കം, ഭൂമി പോക്കുവരവ് എന്നിവ സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. 111 പരാതികള്‍ പരിഗണിച്ചു. അടിയന്തരപരിഹാരം കാണേണ്ടവ ഒരു ദിവസത്തിനുള്ളിലും മറ്റുള്ളവ ഒരാഴ്ചക്കുള്ളിലും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍മാരായ എം.എ. റഹിം, എസ്. ശോഭ, പുനലൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ ബി. രാധാകൃഷ്ണന്‍, കൊട്ടാരക്കര തഹസില്‍ദാര്‍ എ. തുളസീധരന്‍പിള്ള, തഹസില്‍ദാര്‍ എല്‍.ആര്‍ പത്മചന്ദ്രകുറുപ്പ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.