ഗൗരവം ചോരാതെ കൗതുകം നിറച്ച്​ 'അതുല്യം' പരീക്ഷ

തിരുവനന്തപുരം: സമൂഹത്തിൻെറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പരീക്ഷാ ഹാളിൽ എത്തിയപ്പോൾ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. നന്നായി പരീക്ഷയെഴുതണം. നല്ലൊരു ശതമാനം പേർക്കും പരീക്ഷ എളുപ്പവുമായിരുന്നു. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച സാക്ഷരതാമിഷൻെറ പത്ത്, ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ജനപ്രതിനിധികൾ, ദമ്പതികൾ, അമ്മയും മക്കളും, ട്രാൻസ്ജെൻഡറുകൾ..എന്നിങ്ങനെ സമൂഹത്തിൻെറ പരിശ്ചേദമായി. തിരുവനന്തപുരം നഗരസഭയിലെ പി.ടി.പി വാർഡ് കൗൺസിലർ കോമളകുമാരി, ഹാർബർ വാർഡ് കൗൺസിലർ നിസാബീവി എന്നിവർ ഒന്നിച്ചെത്തി, ഒരേ ഹാളിൽ പരീക്ഷയെഴുതി. കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ഇരുവരും പരീക്ഷയെഴുതിയത്. പരീക്ഷാർഥികളിലെ ജനപ്രതിനിധികൾ എന്ന ഗ്ലാമർ ഇവർക്ക് സ്വന്തം. പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ ഇരുവരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രതിനിധികൾക്ക് മുന്നിൽ വിരലുകൾ കൊണ്ട് വിജയചിഹ്നം കാട്ടി ആദ്യകടമ്പ 'ഈസി'യെന്ന് അറിയിച്ചു. ഹയർസെക്കൻഡറി തുല്യതാ ഒന്നാംവർഷ പരീക്ഷയാണ് ഇരുവരും എഴുതിയത്. ഇംഗ്ലീഷായിരുന്നു ആദ്യ പരീക്ഷ. സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് നടപ്പാക്കുന്ന അക്ഷരശ്രീ പദ്ധതിയിലാണ് കൗൺസിലർമാർ പരീക്ഷയെഴുതിയത്. കാട്ടാക്കട മാറനല്ലൂർ കൊറ്റംപള്ളിയിൽനിന്ന് പത്താംതരം പരീക്ഷയെഴുതാനെത്തിയ റജിയും (38) ഭാര്യ രേഖയും (36) പഠിതാക്കളിലെ ഒരുമയുള്ള ദമ്പതികളായി. 'പഠനവും പാചകവുമെല്ലാം നമ്മൾ ഒന്നിച്ചാണ്. ഇപ്പോൾ പരീക്ഷയിലും' - രേഖ പറഞ്ഞു. മലയാളമായിരുന്നു ആദ്യ പരീക്ഷ. പരീക്ഷ രണ്ടുപേർക്കും ഒരുപോലെ എളുപ്പമായിരുന്നെന്ന് റജി പറഞ്ഞു. ഹയർസെക്കൻഡറി തുല്യത ഒന്നാംവർഷ പരീക്ഷയെഴുതാനുമുണ്ടായിരുന്നു ദമ്പതികൾ, തിരുവനന്തപുരം കുമാരപുരത്തുനിന്നുള്ള സനൽകുമാറും ഭാര്യ കുഞ്ഞുമോളും. തൃക്കണ്ണാപുരത്തുനിന്ന് പരീക്ഷയെഴുതാനെത്തിയ അമ്മയും മകനും മകളും മറ്റൊരു ശ്രദ്ധാകേന്ദ്രമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.