തിരുവനന്തപുരം: ഗാന്ധിജിയുടെ ഓർമകളുണർത്തി വസന്തോത്സവത്തിലെ സബർമതി ആശ്രമം ശ്രദ്ധനേടുന്നു. കനകക്കുന്നിൽ നടക്കുന്ന 'വസന്തോത്സവം' പുഷ്പമേളയിലാണ് സബർമതി ആശ്രമത്തെ അനുസ്മരിപ്പിക്കുന്ന േഫ്ലാറൽ ഇൻസ്റ്റലേഷൻ തയാറാക്കിയത്. ബംഗളൂരുവിലെ ലാൽബാഗ് ഗ്ലാസ് ഫ്ലവർ ഇൻസ്റ്റലേഷൻ ചെയ്ത അഗർവാളും സംഘവുമാണ് ശിൽപികൾ. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഇത് ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. സബർമതി ആശ്രമത്തിലെ ബാപ്പു കുടീറിനെ അനുസ്മരിപ്പിക്കും വിധം ക്രൈസാൻറിയം പൂക്കളും ചുവന്ന റോസാ പൂക്കളും ഉപയോഗിച്ചാണ് നിർമാണം. ഒമ്പത് ദിവസത്തെ ശ്രമഫലമായാണ് മനോഹര കാഴ്ച തയാറാക്കിയത്. ബംഗളൂരുവിലേതിൽനിന്ന് വ്യത്യസ്തവും അനുയോജ്യവുമായ കാലാവസ്ഥയായതിനാലാണ് കനകക്കുന്നിലെ തുറസ്സായ സ്ഥലത്ത് ഇത്തരത്തിലൊരു വേറിട്ട ദൃശ്യാനുഭവം കാഴ്ചക്കാർക്കായി ഒരുക്കാനായതെന്ന് അധികൃതർ പറഞ്ഞു. ആറുദിവസത്തിലൊരിക്കൽ പഴയ പൂക്കൾ മാറ്റി പുതിയവ സ്ഥാപിക്കും. ആശ്രമാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗാന്ധി പ്രതിമയും ചുറ്റു വേലിയും പൂന്തോട്ടവും നീർച്ചാലും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ പി.ആർ.ഒ ആയ പ്രേംകുമാറാണ് ഇതിന് നേതൃത്വം നൽകിയത്. വ്യത്യസ്തം, ഔഷധസസ്യ ഉദ്യാനം തിരുവനന്തപുരം: പുഷ്പമേളയിൽ ശ്രദ്ധേയമായി ഔഷധസസ്യ പ്രദർശന ഉദ്യാനം. സർക്കാർ ആയുർവേദ കോളജിനു കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഫാർമകോഗ്നസി യൂനിറ്റാണ് വിജ്ഞാനപ്രദവും വൈവിധ്യപൂർണവുമായ ഉദ്യാനം ഒരുക്കിയത്. ഗൃഹാങ്കണത്തിൽ ഒരു ഔഷധോദ്യാനം എന്ന സന്ദേശം നൽകുന്നതാണ് പ്രദർശനം. കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവം നൽകുന്നതിനായി പൗരാണികമായ തറവാടിൻെറ മാതൃക നിർമിച്ച് ഇതിനോടു ചേർന്ന് 200ലധികം ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചാണ് പ്രദർശന ഉദ്യാനം സജ്ജമാക്കിയത്. മഞ്ചാടി, അമുക്കുരം, ഗരുഡക്കൊടി, ആരോഗ്യപ്പച്ച തുടങ്ങി അപൂർവ ഔഷധസസ്യങ്ങളും നക്ഷത്ര മരങ്ങളും ഇവിടെയുണ്ട്. ദശപുഷ്പം, ത്രികടു, നാൽപാമരം, ത്രിഫല തുടങ്ങിയ ഔഷധക്കൂട്ടുകളുടെ പ്രദർശനവും ശ്രദ്ധയാകർഷിക്കുന്നു. പ്രദർശനത്തിനോടൊപ്പം ഔഷധ സസ്യങ്ങളുടെ തൈകൾ, പച്ചമരുന്നുകൾ എന്നിവ വിലക്കുറവിൽ വാങ്ങാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.