സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നത് ക്രിമിനലുകളുടെ സേവകരായ പൊലീസുകാർ -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര: സംസ്ഥാനത്ത് ഒരു വിഭാഗം പൊലീസുകാർ ക്രിമിനലുകളുടെ സേവകരാണെന്നും ഇവരാണ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി-റൂറൽ ജില്ല കമ്മിറ്റികൾ സംയുക്തമായി നടത്തിയ കുടുംബസഹായനിധി വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്രിമിനലുകൾ പൊലീസ് സ്‌റ്റേഷൻ ഭരിക്കുന്ന സാഹചര്യമാണ് ചിലയിടങ്ങളിലെങ്കിലും ഉള്ളത്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. കുറ്റവാളികൾ പൊലീസ് സറ്റേഷനുകളിൽ കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വർധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കേസുകളിൽ കർശന നടപടിയെടുക്കണം. എന്തുകണ്ടാലും വാർത്തയും വിവാദവുമാക്കി അഭിരമിക്കുന്നവർ െപാലീസിൽ തന്നെയുണ്ട്. അവരെ നിരീക്ഷിക്കണം. സാമ്പത്തികപ്രതിസന്ധികൾക്ക് നടുവിലാണെങ്കിലും ആവശ്യമായ നിയമനങ്ങൾ പൊലീസിൽ നടത്തുന്നുണ്ട്. പ്രമോഷൻ സാധ്യതകളാണ് പൊലീസുകാരെ വിഷമിപ്പിക്കുന്നത്. വർഷങ്ങളോളം ഒരേ പോസ്റ്റിൽ ഇരിക്കേണ്ടി വരുന്ന ദുരവസ്ഥ പൊലീസുകാർക്കുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.പി.ഒ.എ റൂറൽ ജില്ല വൈസ് പ്രസിഡൻറ് ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. അയിഷാപോറ്റി എം.എൽ.എ, റൂറൽ ജില്ല െപാലീസ് മേധാവി ഹരിശങ്കർ, കെ.പി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ്, കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. നാസറുദ്ദീൻ, കെ.പി.എ റൂറൽ ജില്ല സെക്രട്ടറി വി.പി. ബിജു, അസോസിയേഷൻ ഭാരവാഹികളായ എസ്. ഷൈജു, കെ. ഉണ്ണികൃഷ്ണപിള്ള, എം.സി. പ്രശാന്തൻ, ജിജു സി. നായർ തുടങ്ങിയവർ സംസാരിച്ചു. എഴുകോണിൽ എ.എസ്.ഐ ആയിരുന്ന ഡി. ഗണേശ് കുമാർ, തെന്മല സ്‌റ്റേഷനിലെ എ.എസ്.ഐ വി.എം. നാസറുദ്ദീൻ, ശാസ്താംകോട്ട എസ്.ഐ കെ. വേണു എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.