വിവാദം കൊഴുക്കെ വയലാർപുരസ്കാര പ്രഖ്യാപനം ഇന്ന് - നിർണയ രീതിക്കെതിരെ പ്രതിഷേധിച്ച് എം.കെ സാനുവിൻെറ രാജി തിരുവ നന്തപുരം: വിവാദം കൊഴുക്കെ വയലാർ രാമവർമ സാഹിത്യപുരസ്കാര പ്രഖ്യാപനം ശനിയാഴ്ച. അവാർഡ് നിർണയസമിതി അധ്യക്ഷൻ പ്രഫ. എം.കെ. സാനുവാണ് അട്ടിമറിയെക്കുറിച്ച് ഇത്തവണ വെടിപൊട്ടിച്ചത്. അവാർഡ് നിർണയരീതിക്കെതിരെ പ്രതികരിച്ച അദ്ദേഹം സമിതിയിൽനിന്ന് രാജിവെക്കുകയും ചെയ്തു. മൂന്നുപേരുള്ള അവാർഡ് കമ്മിറ്റിയിൽനിന്ന് സാനു ഒഴിഞ്ഞതോടെ ഇനി രണ്ടുപേർ നിർണയിക്കും. സമിതിയുടെ വിധിനിർണയത്തിലെ രഹസ്യസ്വഭാവവും സാനു വെളിപ്പെടുത്തിയെന്നാണ് ഫൗണ്ടേഷൻ സെക്രട്ടറി സി.വി. ത്രിവിക്രമൻെറ വിമർശനം. സാധാരണ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കൃതികളുടെ പേരുകൾ വെളിപ്പെടുത്തില്ല. ലളിതാംബിക അന്തർജനത്തിൻെറ 'അഗ്നിസാക്ഷി'ക്ക് അവാർഡ് നൽകിയപ്പോൾ പി.കെ. ബാലകൃഷ്ണൻെറ 'ഇനി ഞാനുറങ്ങട്ടെ' രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നു. അടുത്ത വർഷം ബാലകൃഷ്ണന് അവാർഡ് നൽകി. അവസാന റൗണ്ടിൽ എത്തുന്ന പുസ്തകങ്ങളുടെ പട്ടിക വെളിപ്പെടുത്തരുതെന്ന സമിതിയുടെ പൊതുനിലപാടിനെയാണ് സാനു ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് ബന്ധമുള്ള കവിയും ഭാഷാഗവേഷകനും പ്രഫസറുമായ എഴുത്തുകാരൻെറ 2017ൽ പ്രസിദ്ധീകരിച്ച ആത്മകഥക്ക് അവാർഡ് നൽകാനുള്ള നീക്കത്തെയാണ് സാനു എതിർത്തത്. സർഗചൈതന്യത്തിൻെറ കണികപോലുമില്ലാത്ത കൃതിയെന്നാണ് അദ്ദേഹത്തിൻെറ വിമർശനം. അർഹതയില്ലാത്ത കൃതിക്ക് അവാർഡ് നൽകുന്നതിന് കൂട്ടുനിൽക്കാനാവില്ലെന്ന് സാനു പറയുന്നു. കഴിഞ്ഞവർഷവും അവാർഡ് നിർണയത്തിൽ അട്ടിമറി നടന്നതായി പല എഴുത്തുകാരും ചൂണ്ടിക്കാട്ടിയിരുന്നു. ആറ് കൃതികൾ വിലയിരുത്തി അറിയിക്കാൻ നൽകിയപ്പോൾ കെ.വി. മോഹന്‍കുമാറിൻെറ 'ഉഷ്ണരാശി കരപ്പുറത്തിൻെറ ഇതിഹാസം' എന്ന നോവൽ പൊട്ടക്കൃതിയെന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നിട്ടും ഇതെല്ലാം മറികടന്ന് ഡോ.എം.എസ്. ഗീത, ഡോ. ബെറ്റിമോൾ മാത്യു, ഡോ.എം.ആർ. തമ്പാൻ തുടങ്ങിയവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി ഈ കൃതിതന്നെ തെരഞ്ഞെടുത്തു. എൻ.എസ്. മാധവൻെറ പഞ്ചകന്യകൾ, വി.ജെ. ജെയിംസിൻെറ നിരീശ്വരൻ, ബെന്യാമിൻെറ 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ', ഏഴാച്ചേരിയുടെ കവിതാസമാഹാരം തുടങ്ങിയ കൃതികളെ പിന്തള്ളിയാണ് മോഹൻകുമാറിന് അവാർഡ് നൽകിയത്. അതുപോലെ സർഗാത്മക കൃതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സാനുവിൻെറ 'ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്ര ഗ്രന്ഥത്തിന് 1992ൽ അവാർഡ് നൽകിയത് ഏത് മാനദണ്ഡപ്രകാരമാണെന്നും സാഹിത്യവിമർശകർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.