കസ്​റ്റംസ് ഓഫിസര്‍ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ്; പ്രതി അറസ്​റ്റില്‍

തിരുവനന്തപുരം: കസ്റ്റംസ് ഓഫിസര്‍ എന്ന വ്യാജേന തൊഴില്‍ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. മണ്ണന്തല പുത്തന്‍വിള വീട്ടില്‍ ജോയി (46) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ മണ്ണന്തല പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തു. ജോയി തോമസ് ഐ.പി.എസ് എന്ന പേരിലെ നെയിംബോര്‍ഡുകളും യൂനിഫോമിലെ അധികാരചിഹ്നങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും തിരിച്ചറിയില്‍ കാര്‍ഡും ടാഗും സൂക്ഷിച്ചിരുന്നു. പൊലീസ് യൂനിഫോമും നിരവധി നിയമപുസ്തകങ്ങളും ഉണ്ടായിരുന്നു. റെയില്‍വേ ടിക്കറ്റ് എക്‌സാമിനറുടെ യൂനിഫോമും തിരിച്ചറിയില്‍ കാര്‍ഡും കണ്ടെത്തി. പൊലീസ് എത്തുമ്പോള്‍ വീട്ടിലെ സിറ്റൗട്ടില്‍ ഇയാളുടെ ചിത്രം െവച്ച് മാലയിട്ട് െവച്ചിരുന്നു. മരിച്ചവരുടെ ചിത്രം സൂക്ഷിക്കുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ജോയി മരിച്ചതായി വരുത്തിത്തീര്‍ക്കാനും അന്വേഷിച്ചെത്തുന്നവരെ കബളിപ്പിക്കാനുമാണ് ഈ ശ്രമം നടത്തിയതെന്ന് പൊലീസ് കരുതുന്നു. മുമ്പും തൊഴില്‍ തട്ടിപ്പിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥനാണെന്ന പേരില്‍ സമീപിക്കുകയും ജോലി ശരിയാക്കി നല്‍കുന്നതിന് പണം വാങ്ങുകയും ചെയ്യും. വ്യാജ നിയമന ഉത്തരവും നല്‍കാറുണ്ട്. പി.എഫ് ബുക്കിൻെറ പകര്‍പ്പുപോലും പലര്‍ക്കും നല്‍കിയിരുന്നു. നാലാഞ്ചിറ സ്വദേശി സജീവിനെയാണ് കബളിപ്പിച്ചത്. ജോലി നല്‍കാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങിയശേഷം മുങ്ങി. മൊബൈല്‍ഫോണുകളും ഓഫ് ചെയ്തു. മണ്ണന്തല എസ്.ഐ ജി.പി. സജുവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.