തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തിൽ ചേരിപ്പോര് മുറുകിയതോടെ ആറുമാസമായി തെരുവുനായ്ക്കളുടെ വന്ധ്യംകരണം മുടങ്ങി. ആറുമാസത്തിനിടെ പിടിച്ച നായ്ക്കളെയെല്ലാം വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കാതെ തിരികെ വിടേണ്ടിയുംവന്നു. ശസ്ത്രക്രിയ മുടങ്ങിയതിന് കാരണമായി ആരോപിക്കുന്നത് പേട്ട മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ കാര്യക്ഷമതയില്ലായ്മയാണ്. തലസ്ഥാനത്ത് തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴാണ് ഉദ്യോഗസ്ഥതലത്തിലെ ചേരിപ്പോര് കാരണം പദ്ധതിതന്നെ മുടങ്ങിയത്. കോടികള്‍ മുടക്കി കോര്‍പറേഷന്‍ നടപ്പാക്കാനൊരുങ്ങിയ എ.ബി.സി പദ്ധതി തന്നെ അവതാളത്തിലായി. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥനെ പദ്ധതിയുടെ നിര്‍വഹണച്ചുമതലയില്‍നിന്ന് മാറ്റാനാണ് തീരുമാനം. കോര്‍പറേഷൻ ഉടമസ്ഥതയിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനെയാണ് പദ്ധതിയുടെ ചുമതല ഏല്‍പിച്ചിരുന്നതെന്ന്് കോര്‍പറേഷന്‍ ഭരണസമിതിയംഗങ്ങള്‍ പറയുന്നു. കോര്‍പറേഷനില്‍ ആറുമാസം മുമ്പ് മറ്റൊരു വെറ്ററിനറി ഉദ്യോഗസ്ഥനെത്തിയതോടെയാണ് ശീതസമരം തുടങ്ങുന്നതെന്ന് ഇവര്‍ പറയുന്നു. രണ്ട് അധികാരകേന്ദ്രങ്ങളായതോടെ തര്‍ക്കം മൂർച്ഛിച്ചു. നായ്ക്കളെ പിടിച്ച് കൈമാറുന്ന ചുമതലയാണ് കോര്‍പറേഷനിലെ വെറ്ററിനറി വിഭാഗത്തെ ഏല്‍പ്പിച്ചിരുന്നത്. ശസ്ത്രക്രിയ നടത്തേണ്ട ചുമതല പേട്ട മൃഗാശുപത്രിയിലെ വിഭാഗത്തെയും ഏല്‍പിച്ചു. എന്നാല്‍, നായ്ക്കളെ പിടിച്ചു കൈമാറിയെങ്കിലും ഇവയുടെ ശസ്ത്രക്രിയ മാത്രം നടന്നിട്ടില്ലെന്ന് കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടുന്നു. വന്ധ്യംകരണ നടപടികള്‍ മുടങ്ങിയതിനെക്കുറിച്ച് വിശദീകരണമാവശ്യപ്പെട്ട് പേട്ടയിലെ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമായിരുന്നില്ലെന്നാണ് ഭരണസമിതിയംഗങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കോടികള്‍ മുടക്കി നടപ്പാക്കാന്‍ ലക്ഷ്യമിട്ട എ.ബി.സി പദ്ധതിയുടെ നിര്‍വഹണച്ചുമതലയില്‍നിന്ന് ഉദ്യോഗസ്ഥനെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തിയശേഷം ഇവയുടെ കാതിൽ ചിപ്പ് ഘടിപ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങളാണ് എ.ബി.സി പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നത്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ വിവരശേഖരണം, നായ്ക്കളുടെ വന്ധ്യംകരണത്തിനായി മൊബൈല്‍ യൂനിറ്റുകള്‍ എന്നിവയുമുണ്ട്. എന്നാല്‍, ഇവയൊന്നും തുടങ്ങാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.