തിരുവനന്തപുരം: കോര്‍പറേഷൻ മേയർ പദവി ലഭിക്കാത്തതിലെ അതൃപ്‌തി വാർത്തയാക്കിയ മാധ്യമങ്ങളെ അധിക്ഷേപിച്ചും വിവാദത്തിൽ കൂടുതൽ വിശദീകരണവും നൽകി മുൻ ഡി.ജി.പിയും ശാസ്‌തമംഗലം ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിശദീകരണവുമായി ആർ. ശ്രീലേഖ രംഗത്തെത്തിയത്.
'പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്നവർക്ക് മൊബൈൽ നൽകാമെന്ന് പിതാവ് പറഞ്ഞിരുന്നു. ഇരു കുട്ടികളും പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങി. മൊബൈൽ ഫോൺ ആർക്ക് നൽകണമെന്ന കാര്യം കുട്ടികൾ അച്ഛന് വിട്ടു. ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛൻ മൂത്ത മകന് ഫോൺ നൽകി.
രണ്ട് മക്കൾക്കും സന്തോഷമുള്ള തീരുമാനം. എന്നാൽ, അയൽക്കാരനായ വികൃത ബുദ്ധിക്കാരൻ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്തെത്തി. അതുപോലെയാണ് ചില മാപ്രകൾ ചെയ്യുന്നത്' -എന്നായിരുന്നു ആർ. ശ്രീലേഖ വിശദീകരണ വീഡിയോയിൽ പറയുന്നത്.
എന്നാൽ, ഇളയ കുട്ടി തന്നെയല്ലേ തനിക്ക് സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയതെന്നാണ് വീഡിയോക്ക് താഴെ വരുന്ന പ്രതികരണങ്ങളിൽ കൂടുതലും. ആർ. ശ്രീലേഖയുടെ തുറന്നു പറച്ചിലിലൂടെ വെട്ടിലായ പാർട്ടിയുടെ നിർബന്ധമാണ് പുതിയ വീഡിയോക്ക് പിന്നിലെന്ന് പറയപ്പെടുന്നു.
മേയർ പദവി ലഭിക്കാത്തതിന് പകരമായി നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റിൽ മത്സരിക്കാമെന്ന ബി.ജെ.പി ഒത്തുതീർപ്പ് വ്യവസ്ഥ ശ്രീലേഖ ഏതാണ്ട് അംഗീകരിച്ച മട്ടായിരുന്നു. ആ സമയത്താണ് വട്ടിയൂർക്കാവ് സീറ്റിലേക്ക് ബി.ജെ.പി സാഹചര്യം വന്നതോടെയാണ് പരസ്യ പ്രതികരണവുമായി ശ്രീലേഖ കഴിഞ്ഞ ദിവസം രംഗത്തെത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ചാനലിന് നല്‍കിയ അഭിമുഖത്തിൽ മേയർ പദവി വാഗ്ദാനം ചെയ്യുകയും പിന്നീട് വാക്കുമാറ്റുകയും ചെയ്ത ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യമായി ആർ. ശ്രീലേഖ രംഗത്തെത്തിയത്. തനിക്ക് പകരം വി.വി. രാജേഷിനെ മേയറാക്കിയ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ‘പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ തനിക്ക് കഴിയില്ലെന്നാണ് ആർ. ശ്രീലേഖ പ്രതികരിച്ചത്.
‘കേന്ദ്ര നേതൃത്വം ഇത് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാൻ എനിക്ക് കഴിയില്ല. കാരണം, എന്നെ ജയിപ്പിച്ച ജനങ്ങൾ ഇവിടെയുണ്ട്. കൗൺസിലർ സ്ഥാനം എനിക്ക് കിട്ടിയത് കൊണ്ടും അവരോടുള്ള ആത്മാർഥത ഉള്ളതുകൊണ്ട് അഞ്ച് വർഷം കൗൺസിലറായി തുടരാം എന്ന് തീരുമാനിച്ചുകൊണ്ട് മുന്നോട്ടുപോകും. കോർപറേഷന് നല്ലത് ഇതുപോലൊരു മേയറും ഡെപ്യൂട്ടി മേയറും ആണെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിക്കാണും.. നടക്കട്ടെ...’ -ശ്രീലേഖ അഭിമുഖത്തിൽ പറഞ്ഞു.
‘എന്നെ ഈ ഇലക്ഷനിൽ നിർത്തിയത് തന്നെ ഒരു കൗൺസിലറായി മത്സരിക്കാനല്ല. മേയറാകും എന്ന് വാഗ്ദാനത്തിന് പുറത്താണ്. മത്സരിക്കാൻ ഞാൻ വിസമ്മതിച്ചതായിരുന്നു. പക്ഷേ, ഞാനായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ മുഖം എന്നും എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ആളായിരിക്കും എന്നും പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു. നേരത്തെ പറഞ്ഞിരുന്നത് 10 പേരെ വിജയിപ്പിച്ചാൽ മതി എന്നായിരുന്നു.
അവസാനം ഞാൻ കൗൺസിലറാകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അനുസരിച്ച് നിന്നു. ലാസ്റ്റ് മിനുട്ട് വരെ മേയറാകും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ, എന്തോ കാരണത്താൽ അവസാന നിമിഷം മാറി. രാജേഷിന് കുറച്ചുകൂടി നന്നായി ഭരിക്കാൻ കഴിയുമെന്നും ആശാനാഥിന് കുറച്ചുകൂടി നല്ല ഡെപ്യൂട്ടി മേയറാകാൻ കഴിയും എന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയത് കൊണ്ടാണ് അവരെ തെരഞ്ഞെടുത്തതെന്ന് എനിക്ക് തോന്നുന്നു. ഇത് ഞാൻ അംഗീകരിക്കുന്നു’ -ശ്രീലേഖ പറഞ്ഞു.
അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് അവർ വേദി വിട്ട് പോയതും ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.